കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യു എസ്ഡിപിഐ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 16 പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.അറസ്റ്റ് നടന്ന് 90 ദിവസം പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ പ്രതികള്‍ ജാമ്യം നേടാനുളള സാധ്യത മുന്നില്‍ കണ്ടാണ് പൊലീസ് കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നത്. ഇപ്പോള്‍ 85 ദിവസം പിന്നിട്ടു.
അഭിമന്യുവിനെ കുത്തിയ പ്രധാനപ്രതി മുഹമ്മദ് ഷെമിം ഉള്‍പ്പടെയുള്ളവരെ പിടികൂടാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ഏഴ് പേരെയാണ് ഇനി പിടികൂടാനുളളത്. മുഹമ്മദ് ഷമീം എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകനായ ഇയാള്‍ ഒളിവിലാണ്. ഇവരെ പിടികൂടുന്ന മുറക്ക് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
എസ്എഫ്‌ഐയുടെ നേതാവ് കൊല്ലപ്പെട്ട കേസിലെ കൊലയാളിയെ പിടിക്കാന്‍ കഴിയാത്തത് സംസ്ഥാന പോലിസിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയിരുന്നു. പ്രതികള്‍ സംസ്്ഥാനത്ത് തന്നെ ഒളിവില്‍ കഴിഞ്ഞിട്ടും പിടികൂടാനാവാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്കും വഴിവച്ചു. ഇപ്പോള്‍ പോലിസ് അറസ്റ്റ് ചെയ്ത പലര്‍ക്കും ജാമ്യം ലഭിച്ചതും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പോലിസ് ആവര്‍ത്തിക്കുന്നത്.
Discussion about this post