കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം തുറന്നത് 402 ബാറുകളാണ്. ഇതില്‍ 120 ബാറുകള്‍ പുതിയതാണ്. ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കണമെന്ന നയം നിലവിലുള്ളതോടെ എണ്ണം ഇനിയും കൂടും. 432 ബാറുകളാണ് ഇപ്പോള്‍ ആകെയുള്ളത്.
ബാറുകള്‍ തുറന്നത് മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് പറയുന്ന 2017-ലെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതേ മദ്യനയത്തില്‍ തീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കുന്നുണ്ട്. നിലവില്‍ കേരളത്തില്‍ 468 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മിക്കവയും ത്രീ സ്റ്റാര്‍ പദവിയിലേക്ക് എത്താന്‍ സൗകര്യങ്ങള്‍ കൂട്ടുന്നുണ്ട്. സ്റ്റാര്‍ പദവി നിശ്ചയിക്കുന്നത് ഇന്ത്യന്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് (ഐ.ടി.ഡി.സി.).
ദേശീയ-സംസ്ഥാന പാതയോരത്തുനിന്ന് ദൂരപരിധിയുമായി ബന്ധപ്പെട്ട നിയന്ത്രണം വന്നതോടെ കുറെ ബാറുകള്‍ അടച്ചിടേണ്ടി വന്നിരുന്നു. എന്നാല്‍ പിന്നീട് ചില റോഡുകളെ സംസ്ഥാന സര്‍ക്കാര്‍ തന്നെ തരംതാഴ്ത്തി ജില്ലാ റോഡുകളുടെ പദവിയിലേക്കാക്കിയതോടെ പല ബാറുകളും തുറന്നു. ഇത് കൂടാതെ സുപ്രീം കോടതി തന്നെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇളവ് നല്‍കിയതോടെ ബാറുകള്‍ തുറക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങുകയായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകള്ക്കുമാത്രമായിരുന്നു ബാര്‍ ലൈസന്‍സ് നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് കേരളത്തില്‍ ബാറുകളുടെ എണ്ണം 30 ആയി ചുരുങ്ങുകയായിരുന്നു.
Discussion about this post