പന്തളം: ആചാരം തെറ്റിച്ച് ശബരിമലയില്‍ അമ്മ മഹാറാണി മൂലം തിരുനാള്‍ സേതു പാര്‍വ്വതിഭായി ദര്‍ശനം നടത്തിയിട്ടുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് വെളിപ്പെടുത്തല്‍. അമ്മ മഹാറാണിയുടെ ശബരിമല ദര്‍ശനത്തില്‍ ആചാര ലംഘനമില്ലെന്നാണ് അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി പറയുന്നത്. ഗര്‍ഭപാത്രം നീക്കിയ ശേഷമാണ് തന്റെ മുത്തശ്ശിയായ അമ്മമഹാറാണി ശബരിമലയില്‍ പോയതെന്നാണ് ഗൗരി ലക്ഷ്മി ഭായ് വെളിപ്പെടുത്തുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതായി ഇതുവരെ അറിവില്ലെന്നും ഒരു പത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ അശ്വതി തിരുന്നാള്‍ വ്യക്തമാക്കി
1940ല്‍ 50വയസ്സില്‍ താഴെയുള്ള അമ്മ മഹാറാണി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശനം നടത്തിയിരുന്നു എന്നതിന് തെളിവായി ചിലര്‍ ഈ സംഭവം ഉയര്‍ത്തികാട്ടിയിരുന്നു. എന്നാല്‍ ആര്‍ത്തവമുള്ളതിനാല്‍ 41 ദിവസത്തെ വ്രതം എടുക്കാനാവാത്തതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചത് പഴക്കമുള്ള ആചാരമാണ് എന്നാണ് പ്രബല വിഭാഗം വാദിക്കുന്നത്.
ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ ഹിന്ദു സമൂഹത്തില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഒരംഗം ആദ്യമായാണ് പ്രതികരിക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് പോരുന്ന ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങും ഇപ്പോഴത്തെ വിധിയോടെ തകര്‍ക്കപ്പെടുമെന്നും അശ്വതി തിരുനാള്‍ പറയുന്നു.
റിവ്യു ഹര്‍ജി നല്‍കുന്നതിനെ പറ്റി ബോര്‍ഡ് ആലോചിക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പിന്നീട് നിലപാട് മാറ്റുകയും സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ബോര്‍ഡ് എന്നും റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. സിപിഎമ്മിന്റെയും, പിണറായി വിജയന്റെയും ഇടപെടല്‍ മൂലം നിലപാട് മാറ്റിയ പത്മകുമാറിനെതിരെയും ഹിന്ദു വിശ്വാസികള്‍ രംഗത്തെത്തി. പലയിടത്തും പത്മകുമാറിനതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സുപ്രിം കോടതി വിധിയ്ക്ക് കാരണമായ നിലപാടെടുത്ത ഇടത് മുന്നണി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനമെങ്ങും ഉയരുന്നത്. കഴിഞ്ഞ ദിവസം പന്തളം കൊട്ടാരത്തിന്റെ ആഹ്വാനപ്രകാരം നടന്ന പ്രതിഷേധ മാര്‍ച്ചില്‍ വലിയ ആള്‍ക്കൂട്ടമാണ് എത്തിയത്.
Discussion about this post