തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതേറിറ്റിയുടെ ഉന്നതതല യോഗം ചേര്‍ന്നു. മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് യോഗം ചേരുന്നുണ്ട് .
ഇടുക്കി,പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ നാളെയോടെ ക്യാമ്പുകള്‍ തയ്യാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറണം. നാളെ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.ആര്.എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാന്നും ആവശ്യപ്പെടും.
അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ഇന്ന് മുതല്‍ തന്നെ ശക്തമായ മഴയുണ്ടാകും.
Discussion about this post