തളിപ്പറമ്പ് തൃച്ചംബരം മുളങ്ങേശ്വരം ശിവക്ഷേത്രം ഏറ്റെടുക്കാന്‍ പോലിസ് സന്നാഹത്തോടെ എത്തിയ മലബാര്‍ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഭക്തജനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു മടങ്ങി. ഇന്ന് രാവിലെ പത്തോടെയാണ് മലബാര്‍ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എം.ഗിരിധരന്റെ നേതൃത്വത്തില്‍ ദേവസ്വം അധികൃതര്ക്ഷേത്രം ഏറ്റെടുക്കാനെത്തിയത്. വന്‍പോലീസ് സേനയും സ്ഥലത്തെത്തിയിരുന്നു. പോലീസ് എത്തിയതോടെ നൂറുകണക്കിന് ഭക്തരും ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകരും ക്ഷേത്രകവാടത്തില്‍ തടിച്ചുകൂടി നാമജപം ആരംഭിച്ചു.
പ്രശ്നത്തിലിടപെട്ട പോലീസ് ഇരുവിഭാഗത്തോടും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഇപ്പോഴും ക്ഷേത്രം സംബന്ധിച്ച് ചില കേസുകള്‍ നിലവിലുണ്ടെന്നും, ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം പോലും രേഖപ്രകാരം ക്ഷേത്രസംരക്ഷണ സമിതിയുടെ പേരിലാണെന്നും വ്യക്തമായി.ആര്‍എസ്എസ് നേതാവ് എം.വിനോദ്കുമാര്‍, ബിജെപി വടക്കന്‍ മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരന് എന്നിവരുടെ സാന്നിധ്യത്തില്‍ ക്ഷേത്രം ഏറ്റെടുക്കാനെത്തിയ ഒരാളെ പോലും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് വിശ്വാസികള്‍ ഉറപ്പിച്ച് പറഞ്ഞു.
തുടര്‍ന്ന് 11.20 ഓടെ ഏറ്റെടുക്കല്‍ നടക്കില്ലെന്ന് ബോധ്യമായതോടെ മലബാര്‍ ദേവസ്വം അധികൃതര്‍ ഏറ്റെടുക്കല്‍ ദൗത്യത്തില്‍ നിന്നും പിന്മാറി.
ക്ഷേത്ര ഭരണം കാര്യക്ഷമമല്ല എന്നാരോപിച്ചാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള ശ്രമം നടത്തിയത്. ഏഴ് വര്‍ഷം മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കല്‍ നിലപാടുമായി വന്നപ്പോള്‍ ഭക്തജനങ്ങളുടെ എതിര്‍പ്പ് കാരണം പിന്തിരിയുകയായിരുന്നു.
വര്‍ഷങ്ങളായി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കേരളാ ക്ഷേത്രസംരക്ഷണസമിതിയാണ് തൃച്ചംബരം ക്ഷേത്രത്തിന് സമീപത്തെ ഈ ക്ഷേത്രത്തിന്റെ ഭരണനിര്‍വ്വഹണം നടത്തിക്കൊണ്ടിരിക്കുന്നത്. നശിച്ചുകൊണ്ടിരുന്ന ക്ഷേത്രം നവീകരിച്ചതും ക്ഷേത്രസംരക്ഷണ സമിതിയാണ്. ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലായിരുന്ന ക്ഷേത്രം ചിറക്കല്‍ കോവിലകം ട്രസ്റ്റി ക്ഷേത്രസംരക്ഷണ സമിതിക്ക് എഴുതിക്കൊടുത്തിരുന്നു.
ഒ.കെ.വാസു മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായതോടെയാണ് വീണ്ടും ഏറ്റെടുക്കല്‍ നടപടികള്‍ ശക്തമായത്. ക്ഷേത്രജീവനക്കാര്‍ക്ക് യഥാവിധി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്ന് ആരോപിച്ച് ജീവനക്കാര്‍ നേരത്തെ തന്നെ പരിതികള് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കലിന് മലബാര്‍ ദേവസ്വം ബോര്‍ഡ് തയ്യാറായതെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്. ക്ഷേത്രവരുമാനം മറ്റ് രീതിയില്‍ വകമാറ്റുന്നതായും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
ജീവനക്കാരെ കൊണ്ട് സമാനമായ ആരോപണങ്ങള്‍ ഉന്നയിപ്പിച്ച് വിവിധ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത മലബാര്‍ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ നിയമപോരാട്ടം തുടരുകയാണ്. ക്ഷേത്രങ്ങള്‍ വിശ്വാസികളില്‍ നിന്ന് പിടിച്ചെടുത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദേവസ്വം ബോര്‍ഡുകളിലേക്ക് ചേര്‍ക്കുന്നത് ചില അജണ്ടയുടെ പേരിലാണെന്നാണ് ആക്ഷേപം. മറ്റ് മതസ്ഥരായ വ്യക്തികളും ആരാധനാലയങ്ങളില്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവാത്തത് എന്താണെന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു.
Discussion about this post