അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ‘നല്ല ഹിന്ദുക്കള്‍’ ആഗ്രഹിക്കുന്നില്ലായെന്ന വിവാദ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഈ പ്രസ്താവന ഹിന്ദു വിരുദ്ധമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
ചെന്നൈയിലെ ഒരു ചടങ്ങില്‍ വെച്ചായിരുന്നു ശശി തരൂര്‍ ഈ പ്രസ്താവന നടത്തിയത്. ‘രാമന്റെ ജന്മസ്ഥലമായി അതിനെ ഹിന്ദുക്കള്‍ കാണുന്നുണ്ടെന്ന് തീര്‍ച്ചയായും എനിക്കറിയാം. മിക്ക ഹിന്ദുക്കളും അവിടെ രാമക്ഷേത്രം ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു. എന്നാല്‍ നല്ല ഹിന്ദുക്കള്‍ ആരും മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാന്‍ ആഗ്രഹിക്കുകയില്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും തനിനിറം പുറത്ത് കൊണ്ടുവരുന്ന ഒരു പ്രസ്താവനയാണ് ശശി തരൂര്‍ നടത്തിയിരിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സാമ്പിത് പത്ര പറഞ്ഞു. ഇത് തികച്ചും ഹിന്ദു വിരുദ്ധമായ ഒരു നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പോയി രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പ്രച്ഛന്ന വേഷം കെട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. സുബ്രഹ്മണ്യന് സ്വാമി, കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ തുടങ്ങിയവരും തരൂര്‍, രാഹുല്‍ഗാന്ധി എന്നിവരെ വിമര്‍ശിച്ചു. ശശി തരൂര്‍ ഒരു നീചനായ വ്യക്തിയാണെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
Discussion about this post