കത്വയില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയത്തെ ഉയര്‍ത്തിപ്പിടിച്ച ജമ്മു കശ്മീരിലെ പ്രവര്ത്തകന് താലിബ് ഹുസൈനെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയുടെ ‘മീ ടൂ’ ആരോപണം. താലിബ് ഹുസൈന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് താലിബ് ഹുസൈനെ പ്രതിനിധീകരിച്ചുകൊണ്ടിരുന്ന അഭിഭാഷക ഇന്ദിരാ ജെയ്സിംഗ് ഇനി മുതല്‍ താന്‍ താലിബ് ഹുസൈനെ പ്രതിനിധീകരിക്കില്ലായെന്ന് വ്യക്തമാക്കി. ഇത് രണ്ടാമത്തെ തവണയാണ് താലിബിനെതിരെ പീഡന പരാതി ലഭിക്കുന്നത്.
പരാതി നല്കിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനി താലിബിനെ ഒരു പരിപാടിക്ക് വേണ്ടി ജെ.എന്‍.യുവിലേക്ക് വിളിച്ചിരുന്നു. ജെ.എന്‍.യുവിലെത്തിയ താലിബ് തന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്ന പറഞ്ഞുവെന്ന് തുടര്‍ന്ന് തന്നെ വളരെയധികം തവണ ഫോണില്‍ വിളിച്ചുവെന്നും പരാതി നല്കിയ വിദ്യാര്‍ത്ഥിനി പറയുന്നു. തുടര്‍ന്ന് ഏപ്രില്‍ 27ന് താലിബ് തന്നെ ഒരു ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. തന്നെ കല്യാണം കഴിക്കാമെന്നും താലിബ് പറഞ്ഞുവെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. അതേസമയം പീഡനം മൂലം തനിക്ക് ദേഹത്ത് പരിക്ക് പറ്റിയെന്നു വിദ്യാര്‍ത്ഥിനി വ്യക്തമാക്കി.
ഇതിന് മുമ്പും താലിബിനെതിരെ പീഡന പരാതി ലഭിച്ചിരുന്നു. ഇത് താലിബിന്റെ ഭാര്യയുടെ പക്കല്‍ നിന്നുമാണ് പോലീസിന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് താലിബ് കുറച്ച് നാളുകളായി ജയിലിലായിരുന്നു. എന്നാല്‍ ജയിലില്‍ വെച്ച് താലിബ് ആക്രമിക്കപ്പെടുന്നുവെന്ന് താലിബിന്റെ കുടുംബാഗങ്ങള്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലായിരുന്നു താലിബിനെ ഇന്ദിരാ ജെയ്സിംഗ് കോടതിയില്‍ പ്രതിനിധീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ താലിബിനെതിരെ പുതിയ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് താന്‍ താലിബിനെ പ്രതിനിധീകരിക്കില്ലെന്ന് ഇന്ദിരാ ജെയ്സിംഗ് വ്യക്തമാക്കിയിരിക്കുകയാണ്.
Discussion about this post