ബ്രൂവറി വിഷയത്തില്‍ എക്സൈസ് വകുപ്പിന്റെ പേരില്‍ വ്യാജ വാര്‍ത്താക്കുറിപ്പ് ഇറക്കിയവരെ കണ്ടെത്തണമെന്ന എക്സൈസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ പരാതിയില്‍ നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയായിരുന്നു എക്സൈസ് വകുപ്പിന്റെ പേരില്‍ വ്യാജ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. വ്യാജ വാര്‍ത്താക്കുറിപ്പ് ഇറക്കിയവരെ കണ്ടെത്തണമെന്ന് ആശാ തോമസ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. പരാതി ഇതുവരെ പോലീസിന് കൈമാറിയിട്ടില്ല.
പരാതി ലഭിച്ചുവെന്ന മറുപടിക്കത്ത് ആഭ്യന്തര വകുപ്പ് നല്‍കിയിട്ടില്ല. ‘അടിതെറ്റി വീണ പ്രതിപക്ഷ നേതാവ്’ എന്ന തലക്കെട്ടോട് കൂടിയായിരുന്നു എക്സൈസ് വകുപ്പിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനുള്ള മറുപടി പത്രക്കുറിപ്പ് ഇറങ്ങിയത്. ഉദ്യോഗസ്ഥര്‍ എങ്ങനെ ക്യാബിനറ്റ് പദവിയിലുള്ള പ്രതിപക്ഷ നേതാവിനു മറുപടി പറയുമെന്ന് പ്രതിപക്ഷം ചോദ്യമുന്നയിക്കുകയും കെ.സി. ജോസഫ് എംഎല്‍എ അവകാശ ലംഘനത്തിനു നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വകുപ്പുതല അന്വേഷണത്തിന് ഡപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പത്രക്കുറിപ്പ് വ്യാജമാണെന്ന് വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കി. പത്രക്കുറിപ്പ് ഇറങ്ങിയപ്പോള്‍ത്തന്നെ മന്ത്രിയുടെ ഓഫിസിനെയും എക്സൈസ് കമ്മിഷണറുടെ ഓഫിസിനെയും കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Discussion about this post