തിരുവനന്തപുരം: ശബരിമല വിശ്വാസസംരക്ഷണത്തിനായി എന്‍.ഡി.എ കാസര്‍കോട് നിന്നു ശബരിമലയിലേക്ക് രഥയാത്ര നടത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും രഥയാത്രയ്ക്ക് നേതൃത്വം നല്‍കും.
നവംബര്‍ എട്ടു മുതല്‍ 13 വരെയാണ് യാത്ര . കാസര്‍കോട്ടെ മധൂര്‍ ക്ഷേത്രാങ്കണത്തില്‍ നിന്ന് ആയിരിക്കും യാത്രയ്ക്ക് തുടക്കമെന്ന് പി.എസ്. ശ്രീധരന് പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നടതുറക്കുന്ന 5, 6 തീയതികളില്‍ വിശ്വാസികളുടെ സമരത്തിന് ബി.ജെ. പി പിന്തുണ നല്‍കുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. 30ന് ഡി.ജി.പി ഓഫീസിന് മുന്നില്‍ രാവിലെ 10 മുതല്‍ ഉപവാസസമരം നടത്തും. മറ്റ് ജില്ലകളില്‍ എസ്.പി ഓഫീസിലേക്കാണ് മാര്‍ച്ച് .നവംബര്‍ 2ന് ഓരോ നിയമസഭാ മണ്ഡലത്തിലും ശബരിമലയ്ക്കായി സ്വയംസമര്പ്പിക്കുമെന്ന അര്പ്പണപ്രതിജ്ഞ നടക്കും.
അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ശബരിമലയിലെ മുറികള്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കില്ലെന്ന നിലപാട് ശരിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ നിയമപരമായി നേരിടും. ശബരിമലയില്‍ വാഹനം തകര്‍ക്കുകയും അതിക്രമം നടത്തുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ന്യൂനപക്ഷങ്ങളുടെ വിശ്വാസം പ്രതീക്ഷിച്ച് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് കനത്തവില നല്‍കേണ്ടിവരുമെന്നും ശ്രീധരന്‍പിള്ള താക്കീതു നല്കി.
Discussion about this post