നിലവില്‍ ഇന്ത്യ മാറ്റങ്ങളുടെ ഒരു ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും വരാനിരിക്കുന്ന ദശാബ്ദത്തില്‍ ഇന്ത്യയായിരിക്കും ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഇന്ത്യന്‍ ജനതയോട് പറഞ്ഞു. ജപ്പാനിലെ ടോക്കിയോ നഗരത്തില്‍ വെച്ച് ഇന്ത്യന്‍ ജനതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിമൂന്നാമത് ഇന്ത്യാ-ജപ്പാന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ശനിയാഴ്ചയായിരുന്നു അദ്ദേഹം ജപ്പാനിലെത്തിയത്.
കഴിഞ്ഞ നാല് കൊല്ലങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയും സാങ്കേതിക വിദ്യകളും വലിയ വളര്‍ച്ചയാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജന്‍ ധന് യോജനയും ആധാര്‍ കാര്‍ഡ് പദ്ധതിയും ലോകത്തൊട്ടാകെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് സംവിധാനങ്ങള്‍ എത്തിത്തുടങ്ങിയെന്നും 100 കോടിയിലധികം മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ഒരു ജി.ബി ഡാറ്റയ്ക്ക് ഒരു കുപ്പി ശീതള പാനീയത്തെക്കാള്‍ വില കുറവാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ നിര്‍മ്മിക്കപ്പെടുന്ന സാമഗ്രികള്‍ ലോകവ്യാപകമായി വില്ക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും വാഹനങ്ങളുടെ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും ഇന്ത്യ ഒരു വലിയ കേന്ദ്രമായി മാറുകയാണെന്ന് അദ്ദേഹം വിലയിരുത്തി.
‘കഴിഞ്ഞ കൊല്ലം ഇന്ത്യയിലെ ശാസ്ത്രഞ്ജര്‍ 100 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു. 2022ഓടെ ഗഗന്യാന് പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിക്കും. ചന്ദ്രയാന്‍ പദ്ധതിയും മംഗള്യാന് പദ്ധതിയും വളരെ ചെറിയ ചിലവിലാണ് ഇന്ത്യ നടത്തിയത്,’ അദ്ദേഹം പറഞ്ഞു.
പുതിയ ഇന്ത്യയെ നിര്‍മ്മിക്കുന്നതില്‍ ജപ്പാനും സഹായിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ജപ്പാനിലുള്ള ഇന്ത്യന്‍ ജനതയെ ഇന്ത്യയുടെ അംബാസഡര്‍മാര്‍ എന്നാണ് മോദി വിശേഷിപ്പിച്ചത്.
Discussion about this post