ശബരിമലയില്‍ സുരക്ഷയ്ക്കായി കമാന്‍ഡോ സംഘത്തെ നിയോഗിച്ചു. രണ്ടായിരത്തിലധികം പോലിസ് ശബരിമലയും പരിസര പ്രദേശങ്ങളും വളഞ്ഞു. സന്നിധാനം, മരക്കൂട്ടം, പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് വലയത്തിലാണ്. നിരോധനാജ്ഞയും മാധ്യമവിലക്കും കൂടിയായപ്പോള്‍ ശബരിമലയില്‍ ഭയാനകമായ അന്തരീക്ഷണാണ് സൃഷ്ടിച്ചിരിക്കുന്നത്. നിത്യപൂജയുള്ള പമ്പ ഗണപതി, നിലയ്ക്കല്‍ മഹാദേവ ക്ഷേത്രങ്ങളില്‍ ഇന്നലെ ഉച്ചമുതല്‍ ഭക്തജനങ്ങളെ പോലീസ് പ്രവേശിപ്പിച്ചില്ല.
ചിത്തിര ആട്ടവിശേഷപൂജയ്ക്കായി ശബരിമല നട നാളെ തുറക്കുമ്പോള്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് ശബരിമലയില്‍ പോലീസ് ഒരുക്കുന്നത്. 2,300 പോലീകാരെക്കൂടി അധികമായി വിന്യസിച്ചു. നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. വനിതാ പോലീസുകാരെ മരക്കൂട്ടം വരെ നിയമിക്കാനാണ് നിര്‍ദേശം.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എന്ന പേരില്‍ പതിനൊന്നംഗ കമാന്‍ഡോ സംഘത്തെയാണ് വിന്യസിക്കുന്നത്. കലാപ സാഹചര്യത്തില്‍പ്പോലും അടുത്തൊന്നും കേരളത്തില്‍ കമാന്‍ഡോകളെ നിയോഗിച്ചിട്ടില്ല. രണ്ടു കിലോമീറ്റര്‍ പരിധിയില്‍, റൊട്ടേറ്റ് ചെയ്ത് ഷെല്ലുകള്‍ വര്‍ഷിക്കാവുന്ന വജ്ര എന്ന പോലീസ് വാഹന സംവിധാനവും ഇന്ന് നിലയ്ക്കലില്‍ എത്തും.
ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ പരമാവധി നിലയ്ക്കലില്‍ നിന്ന് പിന്തിരിപ്പിക്കും. യുവതികളെ പ്രവേശിപ്പിക്കുന്നത് തടയുന്നതിനായി എത്തുന്ന ഭക്തരെ പരമാവധി പിന്തിരിപ്പിക്കുക എന്നതാണ് പോലീസ് തന്ത്രം. അതിനാലാണ് നിലയ്ക്കലില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് തുടരുന്നത്. ഇന്നും അറസ്റ്റ് വ്യപകമാക്കാനാണ് നിക്കം.
വാഹന പരിശോധനയും കര്‍ശനമാക്കി. വടശ്ശേരിക്കര മുതല്‍ വാഹനങ്ങള്‍ നിരീക്ഷിക്കും. നേരത്തേതില്‍ നിന്നു ഭിന്നമായി പോലീസ് പാസ് നല്കുന്ന വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. വാഹനത്തിലെ പ്രധാനപ്പെട്ട വ്യക്തിയുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ കര്‍ശനമായും വാങ്ങും.
പോലീസ് കണക്കുകൂട്ടുന്നതില്‍ നിന്ന് അധികം ഭക്തജനങ്ങള്‍ എത്തിയാല്‍ നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവയ്പ്പിക്കും. ഒരു ദിവസം മാത്രം നട തുറന്നിരിക്കുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്തര്‍ എത്തുന്നത് കുറവാണ്. പടിപൂജ, മറ്റ് പ്രധാന പൂജകള്‍ എന്നിവ ബുക്ക് ചെയ്തിട്ടുള്ളവര്‍ മാത്രമേ എത്തൂ. ഇവരോട് ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post