ഗുജറാത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യുടെ സന്ദര്‍ശന ടിക്കറ്റുകളുടെ വിറ്റുവരവ് ഒരു ദിവസം 19 ലക്ഷം രൂപ. കഴിഞ്ഞ ഞായറാഴ്ചയാണ് ഇത്രയും രൂപ അധികൃതര്‍ക്ക് ലഭിച്ചത്. 7,710 സന്ദര്‍ശകരായിരുന്നു പ്രതിമ കാണാന്‍ ഞായറാഴ്ചയെത്തിയത്.
19,10,405 രൂപയാണ് ഞായറാഴ്ച ലഭിച്ചത്. പ്രവേശനം ആരംഭിച്ച ആദ്യ രണ്ട് ദിവസം 4,796 സന്ദര്‍ശകരും 9.53 ലക്ഷം രൂപ ടിക്കറ്റ് വരുമാനവും ആയിരുന്നു ഉണ്ടായിരുന്നത്. ഒരു ടിക്കറ്റിന്റെ വില 350 രൂപയാണ്. അതേസമയം പാര്‍ക്കിങ് സ്ഥലത്ത് നിന്നും പ്രതിമയിലേക്ക് പ്രത്യേകം ബസ്സിലായിരിക്കും സഞ്ചരിക്കേണ്ടി വരിക. ഈ ബസ് ചാര്‍ജ്ജ് ഒരാള്‍ക്ക് 30 രൂപയാണ്.
പ്രതിമയുടെ 135 മീറ്റര്‍ ഉയരത്തില്‍ ഒരു വ്യൂ പോയിന്റ് ഉണ്ട്. ഇവിടെ നിന്നും ഒരേ സമയം ഇരുന്നൂറോളം ആളുകള്‍ക്ക് കാഴ്ചകള്‍ കാണാവുന്നതാണ്. ഇത് കൂടാതെ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പറ്റിയുള്ള ഒരു മ്യൂസിയവും പ്രതിമയുടെ പക്കലുണ്ട്. ഒപ്പംതന്നെ 3ഡി പ്രൊജക്ഷന്‍ മാപ്പിങ്, വോക്ക്വേ, ഫുഡ് കോര്‍ട്ട്, സെല്‍ഫി പോയിന്റ്, ഷോപ്പിങ് സെന്റര്‍, അണ്ടര്‍വാട്ടര്‍ അക്വേറിയം, റിസര്‍ച് സെന്റര്‍ തുടങ്ങിയവയും പ്രതിമയോടൊപ്പം തയ്യാറാക്കിയിരിക്കുന്നു.
സന്ദര്‍ശകര്‍ക്ക് താമസിക്കാനായി 52 മുറികളോടെ ‘ശ്രേഷ്ഠ ഭാരത് ഭവന്‍’ എന്ന പേരില്‍ ഒരു ത്രീ സ്റ്റാര്‍ ഗെസ്റ്റ് ഹൗസും ഗുജറാത്ത് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 15,000 സന്ദര്‍ശകര്‍ പ്രതിമ കാണാനായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗസ്റ്റ് ഹൗസിന് പുറമെ ആധുനിക സൗകര്യങ്ങളടങ്ങിയ ടെന്റുകള്‍ കൊണ്ടുള്ള രണ്ടു ടെന്റ് സിറ്റികളും അവിടെ തയ്യാറാക്കുന്നതായിരിക്കും.
Discussion about this post