റാഫേല്‍ വിമാനങ്ങളുടെ വിവരങ്ങളടങ്ങുന്ന രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ചു. ഫ്രാന്‍സുമായി കരാര്‍ ഉറപ്പിക്കുന്നതിനെടുത്ത ഓരോ തീരുമാനങ്ങളും കേന്ദ്രം രേഖകളായി സുപ്രീം കോടതിക്ക് സമര്‍പ്പിച്ചു. ഇത് കൂടാതെ റാഫേല്‍ വിമാനങ്ങളുടെ വിലവിവരവും കേന്ദ്രം അറിയിച്ചു.
വിമാനങ്ങളുടെ വില സുപ്രീം കോടതിയുടെ ജഡ്ജിമാരോട് മാത്രമാണ് വെളിപ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഇന്ത്യയിലെ ഓഫ്സെറ്റ് പങ്കാളിയായി ദസോള്‍ റിലയന്‍സിനെ തിരഞ്ഞെടുത്തതിനെപ്പറ്റി ദസോള്‍ കേന്ദ്രത്തിനോട് ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഓഫ്സെറ്റ് പങ്കാളികള്‍ക്ക് ഇന്ത്യയുടെ പക്കല്‍ നിന്നും 2019 ഒക്ടോബര്‍ വരെ പണം ഒന്നും തന്നെ ലഭിക്കില്ലെന്ന് കേന്ദ്രം മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.
കേന്ദ്രം സുപ്രീം കോടതിക്ക് നല്കിയ രേഖകളില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിക്കപ്പെട്ട നടപടിക്രമങ്ങളെല്ലാം തന്നെ പാലിച്ചുകൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെന്നും പറയുന്നു.
പൊതുജനങ്ങളുടെ മുന്നില്‍ റാഫേലിനെപ്പറ്റി വെളിപ്പെടുത്താനാകുന്ന വിവരങ്ങളെല്ലാം ഹര്‍ജി നല്കിയ കക്ഷികള്‍ക്ക് നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നും അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മ്മ, വിനീത് ധന്ദ, പ്രശാന്ത് ഭൂഷണ്, ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത്ര സിന്‍ഹ, അരൂണ്‍ ഷൂരി എന്നിവരാണ് പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
Discussion about this post