ശബരിമലയില്‍ ദര്‍ശനം നടത്താനായി കാല്‍നടയായി വന്ന അയ്യപ്പഭക്തന്മാരെ തടഞ്ഞ് വനംവകുപ്പ്. അഴുതയില്‍ വെച്ചായിരുന്നു ഇവരെ വനംവകുപ്പ് തടഞ്ഞത്. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇടപെട്ട് ഇവരെ കടത്തിവിടുകയായിരുന്നു.
ചെന്നൈയില്‍ നിന്ന് 880 കിലോമീറ്റര്‍ താണ്ടി കാല്‍നടയായെത്തിയ 46 അയ്യപ്പഭക്തരെയാണ് അഴുതയില്‍ തടഞ്ഞത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ് അഴുത. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ വനംവകുപ്പുദ്യോഗസ്ഥരോട് സംസാരിക്കുകയും തുടര്‍ന്ന് ഇവര്‍ അയ്യപ്പന്മാരെ കടത്തിവിടുകയും ചെയ്തു.
എല്ലാ കൊല്ലവും ആദ്യം കാനനപാതയിലൂടെ ശബരിമലയിലേക്കു പോകാറുള്ളവരാണിവര്‍. ഇതിന് മുമ്പ് ഇവരെ സ്വന്തം ഉത്തരവാദിത്വത്തില്‍ വനപാതയിലൂടെ കടത്തിവിടുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ മുന്നറിയിപ്പ് നല്‍കാതെ തടയുകയായിരുന്നു വനംവകുപ്പ്. കാനനപാതയിലൂടെയുള്ള തീര്‍ഥാടനയാത്രയ്ക്ക് ഇന്നു മുതല്‍ അനുമതി നല്‍കുന്നതിനാലാണ് തടഞ്ഞതെന്ന് അധികൃതര്‍ പറയുന്നു.
Discussion about this post