പത്തനംതിട്ട:സന്നിധാനത്തെത്തുന്ന ബിജെപി നേതാക്കളെ എന്ത് വിധേനയും തടയുമെന്ന് പോലിസ് ആവര്‍ത്തിച്ചു കൊണ്ടിരിക്കെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തു. പമ്പയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന കേന്ദ്രമന്ത്രി ഇവിടെ വച്ച് മാധ്യമങ്ങളെ കാണും. തുടര്‍ന്ന് അദ്ദേഹം സന്നിധാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമെങ്കില്‍ രാത്രിയിലും അദ്ദേഹം സന്നിധാനത്ത് തങ്ങിയേക്കും.
സന്നിധാനത്ത് എത്തുന്നതില്‍ നിന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തെ തടയാന്‍ പോലിസിന് കഴിയില്ല. പകരം അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് സുരക്ഷ ഒരുക്കേണ്ടി വരും. സന്നിധാനത്ത് ഭക്തര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് അല്‍ഫോന്‍സ് കണ്ണന്താനം പരിശോധന നടത്തും.
അല്‍ഫോന്‍സ് കണ്ണന്താനത്തിന് പിറകെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എത്തുമെന്നാണ് സൂചന. നിരവധി എംപിമാരും, ബിജെപി ദേശീയ നേതാക്കളും ഇനിയുള്ള ദിവസങ്ങളില്‍ ശബരിമലയില്‍ എത്തും. ജനപ്രതിനിധികളായ ബിജെപി നേതാക്കള്‍ പോലിസ് സുരക്ഷ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകും. ദേശീയ നേതാക്കളെ എത്തിക്കുക വഴി ശബരിമല വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കുകയായിരിക്കും ബിജെപിയുടെ ലക്ഷ്യം.
ഇത്തരമൊരു ഘട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കേരള പോലിസ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും നാളെ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിക്കൊപ്പം അദ്ദേഹമെത്തിയാല്‍ എന്ത് ചെയ്യുമെന്നതും പോലിസിനെ കുഴക്കുന്നുണ്ട്.
Discussion about this post