2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബി.ജെ.പി നേതാവും വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ പിന്മാറുന്നതെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര ബി.ജെ.പി നേതൃത്വത്തിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മധ്യപ്രദേശില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഡിസംബര്‍ 2016ല്‍ സുഷമാ സ്വരാജ് വ്യക്ക മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. താന്‍ രാഷ്ട്രീയപരമായ കാരണങ്ങളാലല്ല തിരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. തന്റെ നിലപാട് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം പാര്ട്ടിയാണെടുക്കുകായെന്നും അവര്‍ പറഞ്ഞു.
മുന്‍ അഭിഭാഷകയായിരുന്ന സുഷമാ സ്വരാജ് ഏഴ് തവണ എം.പിയും മൂന്ന് തവണ എം.എല്‍.എയുമായിട്ടുണ്ട്. 1977ല്‍ ഹരിയാണയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്നു. തുടര്‍ന്ന് 1998ല്‍ കുറച്ച് കാലത്തേക്ക് ഡല്‍ഹിയുടെ മുഖ്യമന്ത്രിയുമായിരുന്നു.
സുഷമാ സ്വരാജിന് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്നും വിശ്രമമം വേണമെന്നും കുടുംബാഗങ്ങളും വ്യക്തമാക്കുന്നു.
Discussion about this post