പീഡന പരാതിയില്‍ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഷൊര്‍ണൂര്‍ സി.പി.എം എം.എല്‍.എ പി.കെ.ശശിയുമായി വേദി പങ്കിട്ട് സി.പി.എം ജില്ലാ സെക്രട്ടറി. ചെര്‍പ്പുളശ്ശേരി സഹകരണ ആശുപത്രിയുടെ ഭരണ സമിതി സംഘടിപ്പിച്ച പരിപാടിയിലാണ് പി.കെ.ശശിയുമായി ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കള്‍ വേദി പങ്കിട്ടത്.
സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ് ചെര്‍പ്പുളശ്ശേരി സഹകരണ ആശുപത്രി. ശശി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കള്‍ പരിപാടിയില്‍ നിന്നും വിട്ട് നിന്നിരുന്നു. ആശുപത്രിയുടെ സ്ഥാപക ചെയര്‍മാനം നിലവിലെ ഡയറക്ടറുമായ ജില്ലാ കമ്മിറ്റി അംഗം പരിപാടിയില്‍ നിന്നും വിട്ട് നിന്നു. കൂടാതെ സി.പി.എം ഏരിയാ സെക്രട്ടറിയും പരിപാടിയില്‍ പങ്കെടുത്തില്ല.
സ്ഥലം എം.എല്‍.എ നിലയില്‍ മാത്രമാണ് ശശിയുമായി വേദി പങ്കിട്ടതെന്നും ഇതിനെ സംഘടനാ നടപടിയുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. പരാതിയില്‍ ഉചിതമായ അന്വേഷണം നടന്നില്ലെന്ന പരാതിക്കാരി ആക്ഷേപിക്കുന്നുണ്ട്. ഈ അവസരത്തിലാണ് പി.കെ.ശശി വേദികളില്‍ സജീവമാകുന്നത്. ശശിക്കെതിരെ കര്‍ശന നടപടികള്‍ വേണ്ടെന്ന സംസ്ഥാന സമിതിയോഗത്തില്‍ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post