ഐസ്വാള്‍ : മിസോറാമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. പ്രതിപക്ഷ കക്ഷിയായ എംഎന്‍എഫ് ഇവിടെ അധികാരത്തെിലെത്തുമെന്നാണ് ഫല സൂചനകള്‍ നല്കുന്ന വ്യക്തമായ സന്ദേശം. മിസോറമിലെ അധികാര നഷ്ടം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാതെയാകും. ഇതോടെ, ബിജെപി അവകാശപ്പെടുന്ന കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന സങ്കല്‍പ്പം വടക്കു കിഴക്കന്‍ മേഖലയില്‍ യാഥാര്‍ഥ്യമാവുകയാണ്.
ആകെയുള്ള 40 സീറ്റുകളില്‍ 34 എണ്ണത്തിലും വിജയിച്ചാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി ലാല്‍ തന്ഹവ്ലയാണ് സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുഖം.എന്നാല്‍ മൂന്നാം തവണയും തുടര്‍ ഭരണം സ്വപ്നം കണ്ട് കോണ്‍ഗ്രസിന് മിസോ നാഷനല്‍ ഫ്രണ്ട് കടുത്ത മറുപടിയാണ് നല്‍കിയത്. ബിജെപിയും നില മെച്ചപ്പെടുത്തി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കാന്‍ ബിജെപി രൂപം നല്കിയ നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ് മിസോ നാഷനല്‍ ഫ്രണ്ട്. അരുണാചല്‍ പ്രദേശ്, ആസാം, മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ്, ത്രിപുര എന്നി സംസ്ഥാനങ്ങളിലെ ഭരണം കോണ്‍ഗ്രസിന് നേരത്തെ നഷ്ടപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു സംസ്ഥാനത്തും ഭരണത്തിലില്ല, കര്‍ണാടകയില്‍ ജെഡിഎസ്-സര്‍ക്കാരിന്റെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. ഉത്തരേന്ത്യയില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്.
Discussion about this post