പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്താനിരുന്ന രഥ യാത്ര തടഞ്ഞുകൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബി.ജെ.പി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ‘ജനാധിപത്യത്തെ സംരക്ഷിക്കുക’ എന്ന പേരില്‍ നടത്തുന്ന റാലിയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായിട്ടാണ് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 42 മണ്ഡലങ്ങളിലായിട്ടാണ് രഥ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്നത്.
രഥ യാത്ര തടഞ്ഞുകൊണ്ട് ഡിവിഷന് ബെഞ്ച് വെള്ളിയാഴ്ചയായിരുന്നു ഉത്തരവിട്ടത്. സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് ദേബബിഷ് കര്ഗുപ്ത, ജസ്റ്റിസ് ഷംപാ സര്‍ക്കാര്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു രഥ യാത്ര അനുവദിച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് തിരിച്ചയച്ചത്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രഥ യാത്ര തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ഡിവിഷന് ബെഞ്ച് രഥ യാത്ര തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് രഥ യാത്ര നടത്താന്‍ തീരുമാനിച്ചത്.
Discussion about this post