ഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് അഴിമതിയിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷലിന്റെ പുതിയ വെളിപ്പെടുത്തലില്‍ കുരുങ്ങി കോണ്‍ഗ്രസ്. മറ്റ് പ്രതിരോധ ഇടപാടുകളിലും മിഷേലിന് പണം ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഏതൊക്കെ ഇടപാടുകളാണെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇഡി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ഡി.പി. സിംഗ്, എന്‍.കെ. മാട്ട എന്നിവര്‍ പ്രത്യേക ജഡ്ജി അരവിന്ദ് കുമാറിന് മുന്‍പാകെ പറഞ്ഞു.
യുപിഎ ഭരണകാലത്തെ മറ്റ് പ്രതിരോധ ഇടപാടുകളിലേക്കും അന്വേഷണം നീളുമെന്ന് ഇതോടെ ഉറപ്പായി. 24.25 മില്യണ്‍ യൂറോയും 1,60,96,245 പൗണ്ടുമാണ് അഗസ്ത വെസ്റ്റ്ലാന്റ് ഇടപാടില്‍ മിഷേലിന് ലഭിച്ചത്. മിഷേലിനെ ഫെബ്രുവരി 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വിവിഐപികളുടെ യാത്രകള്‍ക്കായി മികച്ച ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ ഇളവ് വരുത്തി താരതമ്യേന ശേഷി കുറഞ്ഞ എഡബ്ല്യു-101 വിഭാഗത്തിലുള്ള പന്ത്രണ്ടോളം ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടതാണ് അഗസ്ത വെസ്റ്റ്ലാന്റ് അഴിമതി. കരാര്‍ നേടുന്നതിന് 450 കോടി രൂപയാണ് ഇന്ത്യയിലെ വിവിധ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കമ്പനി കോഴ നല്‍കിയത്.
ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 114 കോടി രൂപ കോഴ നല്‍കിയെന്ന് വ്യക്തമാക്കുന്ന ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പ് പുറത്ത് വന്നിരുന്നു. ചോദ്യം ചെയ്യലില്‍ സോണിയയുടെ പേരും മിഷേല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post