ലക്നൗ: ബിജെപി നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ ഗുജറാത്തിലെ സൂറത്തിൽ 27കാരൻ അറസ്റ്റില്‍. മൗലവി സോഹെൽ അബൂബക്കർ തിമോൾ ആണ് അറസ്റ്റിലായത്. സുദർശൻ ടിവി ചാനല്‍ ചീഫ് എഡിറ്ററും ബിജെപിയുടെ തെലങ്കാന എംഎൽഎയുമായ രാജാ സിങ്, പാർട്ടിയുടെ മുൻ വക്താവ് നൂപുർ ശർമ എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ത്രെഡ് ഫാക്ടറിയിൽ മാനേജരായി ജോലി ചെയ്യുകയും മുസ്ലീം കുട്ടികൾക്ക് ഇസ്ലാമിനെക്കുറിച്ച് സ്വകാര്യ ട്യൂഷൻ എടുക്കുന്ന ആളുമാണ് അബൂബക്കർ തിമോൾ. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആളുകളെ ബന്ധിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും വർഗീയ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കം ഇയാൾ പോസ്റ്റ് ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കസ്റ്റഡിയില്‍ എടുത്തതിനു ശേഷമുള്ള ചോദ്യം ചെയ്യലില്‍ ഹിന്ദു സനാതൻ സംഘ് ദേശീയ അധ്യക്ഷന്‍ ഉപദേഷ് റാണയുടെ കൊലപാതകത്തിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത് ഉൾപ്പെടെയുള്ള ആക്ഷേപകരമായ നിരവധി ഉള്ളടക്കങ്ങൾ ഇയാളുടെ മൊബൈൽ ഫോണുകളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനായി ഇയാൾ പാകിസ്ഥാനിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള വ്യക്തികളുമായും നമ്പറുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.
പാകിസ്ഥാൻ, വിയറ്റ്‌നാം, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, ലാവോസ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ കോഡുകളുള്ള വാട്ട്‌സ്ആപ്പ് നമ്പറുകൾ കൈവശമുള്ളവരുമായി പിടിയിലായ പ്രതിക്ക് ബന്ധമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post