ന്യൂഡൽഹി: സവാളയുടെ കയറ്റുമതിയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പൂർണമായും പിൻവലിച്ച് കേന്ദ്രം. ഇതിന് പിന്നാലെ ഇറക്കുമതി തീരുവയും വർദ്ധിപ്പിച്ചു. രാജ്യത്തിന് അകത്ത് സവാളയുടെ ലഭ്യത ഉറപ്പായ സാഹചര്യത്തിലാണ് കയറ്റുമതി പുന:സ്ഥാപിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ എട്ടിനായിരുന്നു സവാളയുടെ കയറ്റുമതിയ്ക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയത്. ആഭ്യന്തര ആവശ്യങ്ങൾക്ക് പ്രതിസന്ധി നേരിടുകയും ഇതേ തുടർന്ന് വിപണിയിൽ ഉള്ളി വില കുതിച്ചുയരുകയും ചെയ്ത പശ്ചാത്തലത്തിൽ ആയിരുന്നു തീരുമാനം. എന്നാൽ നിലവിൽ ഈ പ്രതിസന്ധി മറികടക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതേ തുടർന്നായിരുന്നു അഞ്ച് മാസങ്ങൾക്ക് ശേഷം വിലക്ക് പിൻവലിച്ചത്. പ്രതിവർഷം ശരാശരി 17 മുതൽ 25 ലക്ഷം ടൺവരെ ഉള്ളികളാണ് വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി നടത്താറുള്ളത്.
സവാളയുടെ കയറ്റുമതിയിൽ നിന്നും വലിയ നേട്ടമാണ് രാജ്യത്തിന് ഉണ്ടാകുന്നത്. ഇതിലെ വർദ്ധനവും സവാള കർഷകർക്ക് കൂടുതൽ ലാഭം ഉറപ്പാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് കയറ്റുമതി തീരുവ കേന്ദ്രം വർദ്ധിപ്പിച്ചത്. 40 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് ഒരു കിലോ സവോളയ്ക്ക് 48 രൂപ ഇറക്കുമതി തീരുവ നൽകണം. ഇത് ഉള്ളി കർഷകർക്ക് പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
അതേസമയം വിലക്ക് മാറ്റിയത് ആഭ്യന്തര വിപണിയിൽ സവാളയുടെ വില വർദ്ധനവിന് കാരണം ആകില്ലെന്ന് ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി നിധി ഖാരെ പറഞ്ഞു. വില സ്ഥിരമായി തുടരും. വിലയിൽ വർദ്ധനവ് ഉണ്ടാകില്ല. ഉപഭോക്താക്കളുടെയും കർഷകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ ഒരുപോലെ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും നിധി കൂട്ടിച്ചേർത്തു.
Discussion about this post