കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും ഖനനം നിര്‍ത്തില്ലെന്ന നിലപാടുമായി സിപിഐ നേതാവായ എംഎല്‍എയും, സിഐടിയുവും. ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം എംഎല്‍എ ആര്.രാമചന്ദ്രന് തള്ളി.
ഖനനം പൂര്‍ണമായി നിര്‍ത്തുന്നതു പ്രയോഗികമല്ല.അതേസമയം കടലില്‍ നിന്നുള്ള ഖനനം അടിയന്തരമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കരുനാഗപ്പള്ളി എംഎല്‍എ പറയുന്നു.
‘സേവ് ആലപ്പാട് സ്റ്റോപ് മൈനിങ്’ എന്ന് മുദ്രാവാക്യവുമായി സമരം മുന്നോട്ട് പോവുകയാണ്. സിനിമ സാംസ്ക്കാരിക രംഗത്തുള്ല നിരവധി പേര് സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ആലപ്പാട് സംരക്ഷിക്കപ്പെടണം. എന്നാല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തോടു യോജിക്കാനാവില്ലെന്നാണ് ഭരണകക്ഷി എംഎല്‍എയുടെ നിലപാട്. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിനു മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും സമീപിക്കാനാണ് എംഎല്‍എയുടെ തീരുമാനം.
സമരക്കാര്‍ക്കെതിരെ സിഐടിയു നേതാക്കളും രംഗത്തെത്തിയിരുന്നു. കരിമണല്‍ ഖനനം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആര്‍ഇയെ തകര്‍ക്കുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്നാണ് സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെ തള്ളുകയാണെന്നും എന്തെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചാലും ഖനനം നിര്‍ത്തും വരെ സമരം തുടരുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Discussion about this post