ഡല്‍ഹി: ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം 69.47 കോടി രൂപ അനുവദിച്ചതിന് സ്വാഗതം ചെയ്ത് ശ്രീനാരായണീയര്‍. ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം അരുവിപ്പുറം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം എന്നിവ ഉള്‍പ്പെടുന്ന ആത്മീയ സര്‍ക്യൂട്ട് വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നുവെന്നതിന്റെ തെളിവാണ് സര്‍ക്യൂട്ടിനായി ഫണ്ട് അനുവദിച്ചതെന്ന് ശ്രീനാരയാണീയര് പറയുന്നു.
ശ്രീനാരായണ ഗുരുദേവന് രചിച്ച ദൈവദശകം പ്രാര്‍ത്ഥനാഗീതം രാജ്യത്തെ വിവിധ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ദൈവദശകം കൂട്ടായ്മ കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറിന് നിവേദനം നല്‍കിയിരുന്നു. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ആദ്യ ഘട്ടമായി ഇന്ത്യയിലെ മുഴുവന്‍ പാഠ്യ പദ്ധതിയിലും ദൈവദശകം ഉള്‍പ്പെടുത്തണമെന്ന് ഗ്രന്ഥം നൂറു ലോക ഭാഷകളിലേക്ക് മൊഴി മാറ്റുന്നതിന് നേതൃത്വം നല്കിയ ഗിരീഷ് ഉണ്ണികൃഷ്ണന് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
1914ല്‍ ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം, പ്രാര്‍ത്ഥന എന്ന നിലയിലും കവിത എന്ന നിലയിലും സമാനതകളില്ലാത്തതാണ്. ദൈവദശകം നൂറു ഭാഷകളിലേക്ക് മൊഴിമാറ്റിയ പദ്ധതിയില്‍ പങ്കാളികളായ മുഴുവന്‍ ഭാഷാ വിദഗ്ധരും സൂചിപ്പിക്കുന്നത് ദൈവദശകം നല്കുന്ന വിശ്വമാനവിക സന്ദേശത്തെ കുറിച്ചാണ്. ദൈവദശകം ലോക പ്രാര്‍ത്ഥനയായി അംഗീകരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ശിവഗിരി തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി ശിവഗിരി മഠത്തിലെ സ്വാമിമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തീര്‍ത്ഥാടന ദിനമായ ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ വനിതാ മതിലില്‍ പങ്കെടുത്തതും, വ്യാപകമായി എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ ഇതില്‍ അണിനിരന്നതും മഠത്തെ ചൊടിപ്പിച്ചിരുന്നു.
Discussion about this post