കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളെ എത്തിക്കുന്ന മുകുള്‍ റോയിയുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ മമത ബാനര്‍ജി വിയര്‍ക്കുകയാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ലോകസഭ എംപിമാര്‍ ഉള്‍പ്പടെ നേതാക്കളുടെ പട തന്നെയാണ് ടിഎംസിയെ കയ്യൊഴിയുന്നത്. പല നേതാക്കന്മാരും അടുത്ത ദിവസങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്നതായുള്ള പ്രഖ്യാപനം നടത്തും. ഈ മാസം 19ന് തൃണമൂല്‍ കൊല്‍ക്കത്തയില്‍ റാലിക്ക് ഒരുങ്ങുകയാണ്. ബിജെപി വിരുദ്ധര്‍ക്ക് ഒരു പൊതുവേദിയുണ്ടാക്കുകയാണ് ലക്ഷ്യം.
ഏകാധിപത്യ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന മമതയ്ക്കെതിരെ മറ്റ് നേതാക്കള്‍ക്കുള്ള അതൃപ്തി മുതലെടുത്താണ് ടിഎംസി നേതാക്കളുമായി അടുത്ത ബന്ധമുള്ള മുകുള്‍ റോയിയുടെ മിന്നലാക്രമണങ്ങള്‍. പലപ്പോഴും നേതാക്കന്മാര് പാര്‍ട്ടി വിട്ടുവെന്ന പ്രഖ്യാപനം നടത്തുമ്പോഴാണ് മമതയും അദ്ദേഹത്തെ പിന്തുണക്കുന്ന നേതാക്കളും വിവരമറിയുന്നത്. പാര്‍ട്ടി വിടുന്നതിന് മുമ്പ് പരസ്യമായ അതൃപ്തിയൊന്നും പ്രകടിപ്പിക്കാതെയാണ് നേതാക്കള്‍ മമതയെ കയ്യൊഴിയുന്നത്. മുന്‍ എംഎല്‍എ കൂടിയായ എംപി സൗമിത്ര ഖാന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് മമതയെ തെല്ലൊന്നുമല്ല അലട്ടുന്നത്. തൃണമൂലിന്റെ ശക്തികേന്ദ്രമായ വിഷ്ണുപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് സൗമിത്ര ഖാന്. മണ്ഡലത്തില്‍ ഈയിടെ ബിജെപി വലിയ വേരോട്ടം ഉണ്ടാക്കിയിരുന്നു.
തൃണമൂല്‍ പാര്‍ട്ടിയല്ല മമതയുടെ സ്വകാര്യ കമ്പനിയായിയെന്ന വിമര്‍ശനം സൗമിത്ര ഖാന് ഉയര്‍ത്തിയിരുന്നു. ഇതിന് പിറകെ ഭോലാപ്പൂര്‍ എംപി അനുപം ഹസ്റയും ഉടന്‍ ബിജെപിയില്‍ ചേരും.
അര്‍പ്പിത ഘോഷ്, ശതാബ്ദി റോയി എന്നിവര്‍ പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തകള്‍ കൂടി പുറത്തു വന്നതോടെ മമത വിറളി പൂണ്ട അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് തൃണമൂല്‍ എംപിമാര്‍ കൂടി ബിജെപിയില്‍ ചേക്കറാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മമത പ്രതിരോധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. അസംതൃപ്തരെ കണ്ട് ചര്‍ച്ച നടത്താന്‍ മറ്റ് നേതാക്കന്മാര്ക്ക് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മമതം നേരിട്ട് ചര്‍ച്ചകള്‍ നടത്താത്തത് അവരുടെ അഹങ്കാരത്തിന്റെ പ്രതിഫലനമാണെന്നാണ് വിമര്‍ശനം.
ബിജെപിയില്‍ ചേര്‍ന്ന മമതയുടെ അടുത്തയാളായിരുന്ന മുകുള്‍ റോയിയാണ് അസംതൃപ്തരെ ബിജെപിയിലെത്തിക്കാന്‍ ചരടുവലിക്കുന്നത്. മമതയ്ക്ക് പിന്നില്‍ രണ്ടാമനായിരുന്ന മുകുള്‍ റോയിയെ അടര്‍ത്തിയെടുത്ത ബിജെപി തന്ത്രം മമതയെ നിലംപരിശാക്കുമെന്നാണ് സൂചനകള്‍. പകുതിയോളം ലോകസഭ സീറ്റുകള്‍ ഇത്തവണ ബിജെപി കരസ്ഥമാക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. ന്യുനപക്ഷ പ്രീണനം സ്വജന പക്ഷപാതം, തീവ്രവാദി ഗ്രൂപ്പുകളുമായുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങളും മമതക്കെതിരെ ഉയരുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ വലിയൊരു വിഭാഗം മമത ഭരണത്തിനെതിരാണെന്നാണ് വിലയിരുത്തല്‍. ഇത് ലോകസഭ തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്ന ആശങ്കയാണ് നേതാക്കളെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിക്കുന്നത്.
വിശാലസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമത ബാനര്‍ജിയെ ഉയര്‍ത്തികാട്ടാനുള്ള ചരടുവലികള്‍ മമത ദേശീയ തലത്തില്‍ നടത്തിയിരുന്നു. ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ കക്ഷി നേതാക്കളുടെ പിന്തുണ ഇതിനായി സ്വരൂപിക്കാനുള്ള നീക്കവും നടത്തി. ഇത്തരം നീക്കങ്ങള്‍ക്കിടയില്‍ ബംഗാളില്‍ തന്നെ ടിഎംസി വെല്ലുവിളി നേരിടുന്നത് മമതയെ വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോകസഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി മുന്നേറുമെന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകളില്‍ കണ്ടെത്തിയിരുന്നു.
Discussion about this post