രാജ്യത്ത് യു.പി.എ ഭരണം നിലനിന്നിരുന്നപ്പോള്‍ എല്ലാ അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് കോണ്‍ഗ്രസ് തങ്ങളെ വേട്ടയാടിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ജയിലിലടയ്ക്കുകയുണ്ടായിട്ടും തങ്ങള്‍ സി.ബി.ഐക്ക് എതിരെ പ്രവര്ത്തിച്ചില്ലായെന്ന് മോദി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ജാമ്യത്തിലിറങ്ങി നടക്കുന്നവര്‍ക്ക് രാജ്യത്തിന്റെ നിയമങ്ങളില്‍ വിശ്വാസമില്ലെന്നും അദ്ദേഹം കോണ്‍ഗ്രസിനെ ചൂണ്ടിക്കാട്ടി പറഞ്ഞു. രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ വിശ്വസിക്കാത്തവര്‍ എങ്ങനെയാണ് രാജ്യത്തെ ബഹുമാനിക്കുകായെന്നും അദ്ദേഹം ചോദിച്ചു.
മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി രൂപീകരിക്കപ്പെടുന്ന മഹാസഖ്യത്തെയും മോദി വിമര്‍ശിച്ചു. ഈ സഖ്യം രൂപീകരിക്കപ്പെടുന്നത് ബി.ജെ.പിയെ താഴെയിറക്കാന്‍ വേണ്ടി മാത്രമാണെന്നും സഖ്യങ്ങള്‍ രൂപീകരിക്കപ്പെടേണ്ടത് ആദര്‍ശത്തിന്റെ പുറത്താണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് കോണ്‍ഗ്രസിനെ എതിര്‍ത്തവര്‍ തന്നെ ഇപ്പോള്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ വേണ്ടി സഖ്യത്തില്‍ ചേരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ബി.ജെ.പിയുടെ ഭരണത്തില്‍ രാജ്യത്ത് ഒരു അഴിമതി ആരോപണം പോലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2004 മുതല്‍ 2014 വരെ രാജ്യത്ത് അഴിമതിയുടെ കുംഭകോണമായിരുന്നുവെന്നും മോദി പറഞ്ഞു. അഴിമതി മുക്ത ഭാരതമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. രാജ്യത്തെ ഇരുട്ടില്‍ നിന്നും പുറത്തുകൊണ്ടു വരാന്‍ എന്‍ഡിഎ സര്‍ക്കാരിനായി. സത്യസന്ധമായ ഭരണം സാധ്യമാകുമെന്ന് തെളിയിച്ചു. രാജ്യമൊന്നാകെ സത്യസന്ധതയിലേക്ക് നീങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിലവില്‍ ഇന്ത്യ ലക്ഷ്യമിടുന്ന പ്രധാന അജണ്ട ദാരിദ്യ്ര നിര്‍മാര്‍ജനമാണെന്നും കര്‍ഷകരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് കര്‍ഷകരെ വെറും വോട്ട് ബാങ്ക് മാത്രമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സാമ്പത്തിക സംവരണത്തിന്റെ പേരില്‍ പ്രതിപക്ഷം കുപ്രചരണം നടത്തുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക സംവരണം നവഭാരതത്തിന്റെ ആത്മവിശ്വാസത്തെ വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post