ന്യൂഡൽഹി: ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചെന്റിന്റെയും വിവാഹത്തിന് മുന്നോടിയായി സമൂഹവിവാഹം നടത്തി അംബാനി കുടുംബം. മഹാരാഷ്ട്രയിലെ പാൽഘറിൽ നിന്നുള്ള നൂറിലധികം പേരുടെ വിവാഹമാണ് നടത്തിക്കൊടുത്തത്. ശതകോടീശ്വരനായ മുകേഷ് അംബാനിയും നിത അംബാനിയും ചേർന്നാണ് വിവാഹചടങ്ങുകൾക്ക് ഇന്ന് നേതൃത്വം നൽകിയത്.
താനെയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിലായിരുന്നു വിവാഹം. ദമ്പതികളുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് 800ഓളം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. മുകേഷ് അംബാനിയെയും നിത അംബാനിയെയും കൂടാതെ, ആകാശ് അംബാനി, ശ്ലോക മേത്ത, ഇഷ അംബാനി, ആനന്ദ് പിരാമൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. മാംഗല്യ സൂത്രം, വിവാഹ മോതിരം, മൂക്കുത്തി എന്നിങ്ങനെയുള്ള സ്വർണ ആഭരണങ്ങൾ, മിഞ്ചി, കൊലുസ് ഉൾപ്പെടെയുള്ള വെള്ളി ആഭരണങ്ങൾ എന്നിവയും ദമ്പതികൾക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഓരോ വധുവിനും സ്ത്രീധനമായി 1.01 ലക്ഷം രൂപയും സമ്മാനിച്ചിരുന്നു.
ദമ്പതികൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും പാത്രങ്ങളും, ഗ്യാസ് സ്റ്റൗ, മിക്സർ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ, മെത്ത, തലയിണകൾ എന്നിവ ഉൾപ്പെടെ 36 അവശ്യ സാധനങ്ങളും ദമ്പതികൾക്ക് ലഭിച്ചു. വലിയ അത്താഴവും വിവാഹത്തിന് ഒരുക്കിയിരുന്നു. ഇത് കൂടാതെ, വാർലി ഗോത്രക്കാർ അവതരിപ്പിച്ച പരമ്പരാഗത തർപ്പ നൃത്തവും ഉണ്ടായിരുന്നു.
Discussion about this post