അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ കൃസ്ത്യന്‍ മിഷേലിന് റഷ്യന്‍ കമ്പനിയായ റൊസോബൊറോണ്‍എക്‌സ്‌പോര്‍ട്ടുമായി ബന്ധമുണ്ടെന്ന് സൂചനകള്‍. മിഷേല്‍ അയച്ച ചില രേഖകളില്‍ ‘ബിഗ് മാന്‍ ആര്‍’ എന്ന വാക്കുണ്ടെന്നും ഇത് റൊസോബൊറോണ്‍എക്‌സ്‌പോര്‍ട്ടിനെയായിരിക്കും സൂചിപ്പിക്കുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.
വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടില്‍ റൊസോബൊറോണ്‍എക്‌സ്‌പോര്‍ട്ടും കരാര്‍ ലഭിക്കാന്‍ വേണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍ സമന്വയിപ്പിക്കല്‍ ഉടമ്പടിയില്‍ ഒപ്പിടാത്തത് മൂലം കമ്പനി കരാറില്‍ നിന്നും മാറുകയായിരുന്നു. റഷ്യ ഇതിന് പകരം സമ്പൂര്‍ണ്ണ സുരക്ഷ നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഇന്ത്യയ്ക്ക് സ്വീകാര്യമായിരുന്നില്ല. ഇന്ത്യയുടെ നിലപാടില്‍ തനിക്ക് ആശ്ചര്യമുണ്ടെന്ന് മിഷേല്‍ അയച്ച ഒരു രേഖയില്‍ പറയപ്പെടുന്നു.
റൊസോബൊറോണ്‍എക്‌സ്‌പോര്‍ട്ട് കരാറില്‍ നിന്നും മാറിയത് മൂലം സികോര്‍സ്‌കിയും അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡും മാത്രമായിരുന്നു ബാക്കി നിന്നിരുന്നത്. അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിനെക്കാള്‍ പണം കുറഞ്ഞ നിരക്കായിരുന്നു റൊസോബൊറോണ്‍എക്‌സ്‌പോര്‍ട്ട് മുന്നോട്ട് വെച്ചിരുന്നത്. എന്നിട്ടും എന്തുകൊണ്ട് യു.പി.എ സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടില്ലായെന്നും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
Discussion about this post