ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനപ്രീതി കുറഞ്ഞുവെന്നും അതേസമയം ബി.ജെ.പിയുടെ ജനപ്രീതി കൂടിയെന്നും കാണിക്കുന്ന സര്‍വ്വേ ഫലം പുറത്ത് വന്നു. ഇന്ത്യാ ടുഡേയാണ് സര്‍വ്വേ നടത്തിയത്.
ഇന്ത്യാ ടുഡേയുടെ ആക്‌സിസ്-മൈ-ഇന്ത്യ സര്‍വ്വേ പ്രകാരം ബി.ജെ.പി ഒരു രാഷ്ട്രീയ ശക്തിയായി വളര്‍ന്ന് വന്നിരിക്കുകയാണെന്ന് 45 ശതമാനം പേര്‍ വിശ്വസിക്കുന്നു. അതേസമയം 33 ശതമാനം പേര്‍ ബി.ജെ.പിക്ക് കേരളത്തില്‍ ഒരു അടിത്തറ ലഭിച്ചുവെന്ന് വിശ്വസിക്കുന്നില്ല.
42 ശതമാനം പേര്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുമ്പോള്‍ 23 ശതമാനം പേര്‍ അത് ലിംഗ സമത്വത്തിന്റെ വഴിയാണെന്ന് വിശ്വസിക്കുന്നു. ആകെ 16 ശതമാനം പേര്‍ മാത്രമാണ് സുപ്രീം കോടതി വിധി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിശ്വസിക്കുന്നുള്ളു.
അതേസമയം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനസമ്മതിയിലും ഇടിവുണ്ടായിട്ടുണ്ട്. ഒക്ടോബര്‍ മാസത്തില്‍ 42 ശതമാനമുണ്ടായിരുന്ന ജനസമ്മതി ജനുവരി ആയപ്പോഴേക്കും 39 ശതമാനമായി കുറഞ്ഞു. കേരളത്തില്‍ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തില്‍ 25 ശതമാനം പേരായിരുന്നു പിണറായി വിജയന്റെ പേര് പറഞ്ഞത്. ഒക്ടോബര്‍ മാസത്തില്‍ ഇത് 27 ശതമാനമായിരുന്നു. 22 ശതമാനം പേര്‍ അടുത്ത മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി വരണമെന്നാഗ്രഹിക്കുന്നു. ഒക്ടോബര്‍ മാസത്തില്‍ 20 ശതമാനം പേര്‍ മാത്രമായിരുന്നു ഇതാഗ്രഹിച്ചിരുന്നത്.
അതേസമയം സംസ്ഥാനത്തെ പ്രധാനപ്പെട്ട വിഷയങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് തൊഴിലില്ലായ്മയാണ്. ഇതിന് തൊട്ട് പിന്നാലെ അഴിമതിയും കര്‍ഷകരുടെ പ്രശ്‌നങ്ങളുമാണ്.
Discussion about this post