അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസിലെ പ്രതി അഭിഭാഷകനായ ഗൗതം കെയ്താന് അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഗൗതം കെയ്താന് അറസ്റ്റിലായത്. ശനിയാഴ്ച തന്നെ ഗൗതം കെയ്താനെ ഡല്‍ഹിയിലെ പടിയാല ഹൗസ് കോടതിയില്‍ ഹാജരാക്കും.
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഇടനിലക്കാരന് കൃസ്റ്റ്യന്‍ മിഷേല്‍ കോഴപ്പണം കൈമാറിയത് ഗൗതം കെയ്ത്താനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗൗതം കെയ്താനോടൊപ്പം 34 ഇന്ത്യക്കാരും ചില വിദേശികളും ചേര്‍ന്ന് 28 മില്യണ്‍ യൂറൊ കള്ളപ്പണം വെളുപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് വകുപ്പ് മുന്‍പ് നല്കിയ കുറ്റപത്രത്തില്‍ പറയുന്നു. ഇറ്റാലിയന്‍ ഇടനിലക്കാരായ കാര്‍ലോ ഗെരോസയും ഗൈഡോ ഹാഷ്കെയും ഈ പട്ടികയില്‍ ഉള്‍പ്പെടും. കൂടാതെ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയില്‍ ഈ പട്ടകിയിലുണ്ട്.
ട്യുനീഷ്യ, മൗറീഷ്യസ്, ഇന്ത്യ, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയായിരുന്നു കള്ളപ്പണം വെളുപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Discussion about this post