നായര്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് (എന്‍.എസ്.എസ്) എതിരെ വിമര്‍ശനവുമായി സി.പി.എം രംഗത്ത്. എന്‍.എസ്.എസിന്റെ വിരട്ടല്‍ സി.പി.എമ്മിനോട് വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഴല്‍യുദ്ധം നടത്തേണ്ടെന്ന് കോടിയേരി പറഞ്ഞു.
എന്‍.എസ്.എസ് നേതൃത്വം പറയുന്നത് എന്‍.എസ്.എസിന്റെ അണികള്‍ക്ക് പോലും ഇഷ്ടപ്പെടുന്നില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. എന്‍.എസ്.എസിന് രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
തങ്ങള്‍ അനധികൃതമായി ഒന്നും തന്നെ നേടിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം എന്‍.എസ്.എസ് വിശദീകരിച്ചിരുന്നു. എന്‍.എസ്.എസ് സര്‍ക്കാരിന്റെ പക്കല്‍ നിന്നും അനധികൃതമായി പലതും നേടിയിട്ടുണ്ടെന്ന സി.പി.എം ആരോപണത്തിനായിരുന്നു എന്‍.എസ്.എസ് മറുപടി നല്‍കിയത്. നായര്‍ സമുദായത്തിന് വേണ്ടി മാത്രമല്ല മറിച്ച് സമൂഹത്തിലെ സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരെയും എന്‍.എസ്.എസ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എന്‍.എസ്.എസ് പറഞ്ഞു.
അതേസമയം ബംഗാളില്‍ സി.ബി.ഐയുടെ റെയ്ഡ് തടഞ്ഞ മമത സര്‍ക്കാരിനെ സംരക്ഷിക്കരുതെന്ന് കോടിയേരി പറഞ്ഞു. ശാരദ ചിട്ടി തട്ടിപ്പില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും വിഷയത്തില്‍ മമതയും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ആര്.എസ്.എസ് ബന്ധം ഇപ്പോള്‍ തന്നെയുണ്ടെന്നും ഇതിന് ഊര്‍ജ്ജം പകരാനാണ് മുല്ലപ്പള്ളി യാത്ര നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
Discussion about this post