മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ . മാതാപിതാക്കളെ ഇനി ഉപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് ആറു മാസം തടവും 10,000 രൂപ പിഴയുമാണ് . നിലവിലെ ശിക്ഷ ഇരട്ടിയാക്കിക്കൊണ്ട് നിയമഭേദഗതി കൊണ്ടുവരുവാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ .
2007 ലെ മെയിന്ന്റനസ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍ ആക്റ്റ് ഭേദഗതി ചെയ്യാനുള്ള കരട് രേഖ സാമൂഹ്യനീതി മന്ത്രാലയം തയ്യാറാക്കി . ഇത് പ്രകാരം ജീവനാംശപരിധി നിശ്ചയിച്ചതിലും മാറ്റം വരുത്തും . 10000 രൂപ വരെ എന്നത് ഒഴിവാക്കി രക്ഷിതാക്കളുടെ മാന്യമായ ജീവിതവും ആവശ്യവും മക്കളുടെ സാമ്പത്തിക ശേഷിയും മാനദണ്ഡമായി നിശ്ചയിക്കും .
നിലവിലെ നിയമത്തില്‍ മക്കള്‍ എന്ന നിര്‍വചനത്തിലും മാറ്റമുണ്ട്. ദത്തെടുത്തവര്‍, രണ്ടാം വിവാഹത്തിലെ മക്കള്‍, മരുമക്കള്‍ തുടങ്ങിയവര്‍ക്ക് എല്ലാം പരിപാലന ചുമതലയുണ്ടാകും. താമസം , ഭക്ഷണം , ചികിത്സ എന്നിവയ്ക്കെല്ലാം പുറമേ ഇവര്‍ക്ക് സുരക്ഷയും ഉറപ്പു വരുത്തണം .
കൂടാതെ മുതിര്‍ന്ന പൗരന്മാര്ക്ക് വൈദ്യസഹായം , പോലീസ് സഹായം എന്നിവയ്ക്ക് ബന്ധപ്പെടാനും പരാതി നല്‍കാനും സഹായം നല്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കണം .
Discussion about this post