അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവും മുന്‍ ടെക്സ്റ്റൈല്‍സ് മന്ത്രിയുമായ ശങ്കര്‍സിംഗ് വഗേലയ്ക്ക്തിരെ സി.ബി.ഐ കേസെടുത്തു.നാഷണല്‍ ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ ഭൂമി സ്വകാര്യ കമ്പനിക്ക് തുച്ഛമായ വിലയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ടാണ് കേസ്. എന്‍.ടി.സിയുടെ മുംബയിലെ പരേലിലുള്ള ഭൂമി വിറ്റ സംഭവത്തില്‍ 709.27 കോടി രൂപ കമ്പനിയ്ക്ക് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. വഗേല ടെക്സ്റ്റൈല്‍സ് മന്ത്രിയായിരിക്കുമ്പോഴാണ് ഇടപാട് നടന്നത്. ഒരു വര്‍ഷം നീണ്ട പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്.
വഗേലയെ കൂടാതെ എന്‍.ടി.സിയുടെ മുന്‍ ചെയര്മാന് കെ.രാമചന്ദ്രന് പിള്ള, ഡയറക്ടര്‍(ടെക്നിക്കല്‍) ആര്.കെ.ശര്‍മ്മ, സീനിയര്‍ മാനേജര്‍ എം.കെ.ഖരേ എന്നിവരുള്‍പ്പെടെ ആറ് പേരെ സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ വസതികളില്‍ സി.ബി.ഐ നടത്തിയ റെയ്ഡ് നടത്തി. ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് നിക്ഷേപവും മറ്റ് രേഖകളും കണ്ടെടുത്തതായാണ് സൂചന. ഡല്‍ഹി, ഗാന്ധിനഗര്‍, മുംബയ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലെ ഒന്‍പത് ഇടങ്ങളില്‍ ഒരേ സമയമാണ് റെയ്ഡ് നടന്നത്. ഗാന്ധിനഗറിലെ വഗേലയുടെ വസതിയില്‍ നിന്ന് 13.33 ലക്ഷം രൂപ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. റെയ്ഡ് ഇനിയും തുടരുമെന്നാണ് സൂചന.
Discussion about this post