ബി.എസ്.പി പാര്‍ട്ടിയുടെ നേതാക്കളെ അനുസ്മരിക്കുന്നതിന് വേണ്ടിയും പാര്‍ട്ടിയുടെ ചിഹ്നത്തിന്റെ പ്രചരണത്തിന് വേണ്ടിയും പ്രതിമകള്‍ നിര്‍മ്മിക്കാന്‍ നേതൃത്വം വഹിച്ച ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി വെട്ടില്‍. പ്രതിമകള്‍ നിര്‍മ്മിക്കാന്‍ വേണ്ടി ചിലവഴിച്ച പൊതു ഖജനാവിലെ പണം തിരിച്ച് നല്‍കേണ്ടി വരുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പൊതു ഖജനാവില്‍ നിന്നും പണം ചിലവഴിച്ച് സംസ്ഥാനത്തിന് നഷ്ടം വരുത്തിയെന്ന് ആരോപിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കുക ഏപ്രില്‍ 2നാണ്.
2007 മുതല്‍ 2011 വരെയുള്ള കാലയളവിലായിരുന്നു പ്രതിമകള്‍ നിര്‍മ്മിക്കാന്‍ മായാവതി മുന്‍കൈയെടുത്തത്. ഏകദേശം 2,600 കോടി രൂപയായിരുന്നു പ്രതിമകള്‍ക്കും, പാര്‍ക്കുകള്‍ക്കും വേണ്ടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ചിലവഴിച്ചത്. ഇതില്‍ നിന്നും സംസ്ഥാനത്തിന് 111 കോടി നഷ്ടമുണ്ടായെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം സംഭവവുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
Discussion about this post