കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര ഇന്ന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു(ഇഡി) മുന്നില്‍ ഹാജരായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് വദ്ര ഇഡിക്കു മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്.
പ്രതിരോധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ചില രേഖകള്‍ മുന്നില്‍വച്ചാണ് വാധ്‌രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.. സഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നാണ് വദ്ര ഇതുവരെ പറഞ്ഞിരിക്കുന്നത്. അതേസമയം സഞ്ജയ് ഭണ്ഡാരി വദ്രയ്ക്കു വേണ്ടി ഫ്രാന്‍സില്‍നിന്നു ഡല്‍ഹിയിലേക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ വച്ചാണ് ചോദ്യം ചെയ്യല്‍. 2012 ഓഗസ്റ്റിലാണ് വദ്രയ്ക്കായി ഭണ്ഡാരി വിമാനടിക്കറ്റ് ബുക്ക് ചെയ്തതെന്നാണ് വിവരം. നിലവില്‍ ഒളിവിലാണ് സഞ്ജയ് ഭണ്ഡാരി.
അതേസമയം കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട ചില രേഖകള്‍ വദ്ര സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ രേഖകള്‍ ലഭിക്കുന്ന മുറയ്ക്ക് ഹാജരാക്കാമെന്നാണ് വദ്ര പറയുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്ത് അനധികൃത സ്വത്ത് സമ്പാദനം എന്നീ കേസുകളില്‍ അന്വേഷണവുമായി സഹകരിക്കാന്‍ കഴിഞ്ഞയാഴ്ചയാണു ഡല്‍ഹി കോടതി വദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ ഈ മാസം 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
ഇതുവരെ 14 മണിക്കൂറോളം വദ്രയെ ചോദ്യം ചെയ്യലിനു വിധേയനാക്കിക്കഴിഞ്ഞു. ഇന്ന് രാവിലെ 10.45നാണ് ഡല്‍ഹിയിലെ ജാംനഗര്‍ ഹൗസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ എത്തിയത്. മുന്‍പു രണ്ടു തവണയും ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായി ചില സംശയങ്ങള്‍ തീര്‍ക്കാനാണ് വീണ്ടും വിളിപ്പിച്ചതെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
ആദ്യ ദിവസം ഭാര്യ പ്രിയങ്ക ഗാന്ധി വദ്രയാണ് വദ്രയെ ചോദ്യം ചെയ്യാന്‍ എത്തിച്ചത്. പിറ്റേദിവസം തിരിച്ച് കൂട്ടാനും പ്രിയങ്കയെത്തി. രാഷ്ട്രീയ പക തീര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് പ്രിയങ്കയും കോണ്‍ഗ്രസും പറയുന്നത്. എന്നാല്‍ കോടതി നിര്‍ദ്ദേശപ്രകാരമുള്ള ചോദ്യം ചെയ്യിലനെ അങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കേണ്ട എന്നാണ് ബിജെപിയുടെ തിരിച്ചടി
Discussion about this post