പത്തനംതിട്ട: കഴിഞ്ഞ മണ്ഡലകാലത്ത് യുവതീപ്രവേശത്തിനെതിരെ സന്നിധാനത്ത് നാമജപയജ്ഞത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ 49 അയ്യപ്പഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി.
ഇന്നലെ സന്നിധാനത്തെത്തിയ സംഘം ഇന്ന് പുലര്‍ച്ചെ നെയ്യഭിഷേകം നടത്തി വലിയ നടപ്പന്തലില്‍ നാമജപം നടത്തിയാണ് മടങ്ങിയത്. നാമജപം മുഴക്കിയതിന് അറസ്റ്റ് ചെയ്യപ്പെട്ട നടപ്പന്തലിലെത്തി നാമജപം നടത്താനായതില്‍ സന്തോഷമുണ്ടെന്ന് സംഘത്തിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശി രാജേഷ് പറഞ്ഞു.
ഇന്നലെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഇന്നലെയാണ് സംഘം കെട്ടുകെട്ടി ദര്‍ശനത്തിനായി ശബരിമലയ്ക്കു പുറപ്പെട്ടത്. പെരുമ്പാവൂരില്‍ നിന്നുള്ള 69 അംഗ സംഘമാണ് അന്നു മലചവിട്ടിയതും നാമജപത്തില്‍ പങ്കെടുത്തതും.
ഇതെത്തുടര്‍ന്ന് അറസ്റ്റിലായ ഇവര്‍ക്കു പിന്നീട് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും ദര്‍ശനം നടത്താന്‍ വിലക്കുള്ളതിനാല്‍ അവര്‍ പന്തളത്തെത്തി തിരുവാഭരണമാളികയില് ഇരുമുടിക്കെട്ടുകള്‍ സമര്‍പ്പിച്ച ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു. നാമജപം നടത്തിയതിന് ആദ്യമായി അറസ്റ്റിലായ വിശ്വാസി സംഘവും ഇവരായിരുന്നു. സന്നിധാനത്തും, പമ്പയിലും സംഘത്തിന് ഭക്തര്‍ ഊഷ്മളമായ വരവേല്പാണ് നല്‍കിയത്.
Discussion about this post