ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനവുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഉത്തരവുമായാണ് രജനിയുടെ പുതിയ തീരുമാനം.
ഒരു പാര്‍ട്ടിയെയും പിന്തുണക്കാനില്ലെന്നും സംസ്ഥാനത്തെ പ്രധാന ജനകീയ വിഷയങ്ങളിലാണ് താനിപ്പോള്‍ ശ്രദ്ധ കൊടുക്കുന്നതെന്നും രജനീകാന്ത് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. . അതിനാല്‍ ഇത്തവണ മത്സരിക്കാനില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.രജനി മക്കള്‍ മന്‍ട്രം എന്ന സന്നദ്ധസംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് രജനീകാന്ത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
”ഇത്തവണ ഞാന്‍ മത്സരിക്കാനില്ല, ഒരു പാര്‍ട്ടിയും പ്രചാരണത്തിനായി എന്റെ ചിത്രമോ, എന്റെ സംഘടനയുടെ ലോഗോയോ ഉപയോഗിക്കാന്‍ പാടില്ല” രജനീകാന്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥിരതയുള്ള സര്‍ക്കാരിനായി വോട്ട് ചെയ്യണമെന്നും രജനി ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. തമിഴ്നാട്ടിലെ ജലക്ഷാമം പരിഹരിക്കുന്നതിലാണ് ശ്രദ്ധ എന്നും അദ്ദേഹമ വ്യക്തമാക്കി.2017 ഡിസംബര്‍ 31-നാണ് രാഷ്ട്രീയരംഗത്തേക്കിറങ്ങുകയാണെന്ന് രജനീകാന്ത് പ്രഖ്യാപിച്ചത്. ചെന്നൈയില്‍ നടന്ന ആരാധകസംഗമത്തിലായിരുന്നു രജനീകാന്തിന്റെ പ്രഖ്യാപനം.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും അന്തരിച്ച ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് നിലപാട് വന്നതോടെ രജനീകാന്ത് അടുത്ത കാലത്തൊന്നും പാര്‍ട്ടി പ്രഖ്യാപിക്കില്ലെന്നും ഉറപ്പായി.
Discussion about this post