ലോക്ഹീഡ് മാര്‍ട്ടിന്റെ ഏറ്റവും പുതിയ F21എന്ന വിമാനത്തിന് ഇന്ത്യ കരാര്‍ നല്കിയാല് അത് ഇന്ത്യന്‍ വ്യോമസേനയ്ക്ക് മാത്രമേ നിര്മ്മിച്ചുനല്കൂ എന്ന് ലോക്ഹീഡ് മാര്ട്ടിന് എയ്രോനോട്ടിക്സ് വൈസ് പ്രസിഡന്റ് വിവേക് ലാല്‍ അറിയിച്ചു. ബാംഗ്ളൂര്‍ എയ്രോ ഇന്ത്യ 2019ലാണ് ഈ പുതിയ യുദ്ധവിമാനത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്.
അത്യന്താധിനുകമായ F16 ബ്ളോക് 70 എന്ന യുദ്ധവിമാനത്തേക്കാള്‍ മികച്ചതാവും ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്ക്കനുസ്സരിച്ച് നിര്‍മ്മിയ്ക്കുന്ന F21 എന്ന് ലോക്ഹീഡ് മാര്ട്ടിന് അറിയിച്ചിട്ടുണ്ട്.
APG83 ആക്ടീവ് ഇലക്ട്രോണിക് അരേ സ്കാനര്‍ റഡാറും താഴ്ന്ന് പറക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുമായി കൂട്ടിയിടിയ്ക്കുന്നത് ഒഴിവാക്കാനുള്ള ഉള്ള ഓട്ടോമാറ്റിക് ഗ്രൗണ്ട് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റവും ഉള്ള F16 ബ്ളോക് 70 യോടൊപ്പം അത്യന്താധുനികമായ ഇലക്ട്രോണിക് സംവിധാനങ്ങളും F16 ബ്ളോക് 70ല്‍ ഇല്ലാത്ത ഏറ്റവും പുതിയ പത്ത് മിസൈലുകളും ഈ യുദ്ധവിമാനത്തിലുണ്ട്.
അതില്‍ എട്ടെണ്ണം റഡാര്‍ ഗൈഡഡ് മദ്ധ്യദൂരപരിധിയുള്ള അംറാം മിസൈലുകളാണ്. കൃത്യമായി ലക്ഷ്യവേധിയാകുന്ന ഈ മിസൈലുകളോടൊപ്പം രണ്ട് AIM-9X സൈഡ്വിന്റര് മിസൈലുകളും ഉണ്ട്. ഈ രണ്ട് മിസൈലുകളും അമേരിയ്ക്കന്‍ വായുസേനയും നാവികസേനയും ഉപയോഗിയ്ക്കുന്ന മിസൈലുകളാണ്. മാത്രമല്ല ഒരു സ്നൈപ്പര്‍ ഇലക്ട്രോ ഒപ്ടിക്കല്‍ ടാര്‍ഗറ്റിങ്ങ് പോഡും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
HD ഇന്‍ഫ്രാറെഡ് ഇമേജിങ്ങും തെര്‍മല്‍ ക്യാമറയും ഉള്ള ഈ ലക്ഷ്യനിര്ണ്ണയോപാധി വെളിച്ചമില്ലെങ്കില്‍ പോലും ഏത് ലക്ഷ്യത്തേയും കൃത്യമായി ഉന്നം വയ്ക്കാനും റഡാര്‍ നിയന്ത്രിതമായ മിസൈലുകള്‍ ഉപയോഗിച്ച് അതീവ കൃത്യമായി ഏത് ലക്ഷ്യവും തകര്‍ക്കാനും കഴിവുള്ളതാണ്.
ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവും ആയി സഹകരിച്ചാണ് ലോക്ഹീഡ് മാര്ട്ടിന് ഈ യുദ്ധവിമാനം നിര്‍മ്മിയ്ക്കുന്നത്. കാരണം വാങ്ങാനുദ്ദേശിയ്ക്കുന്ന വിമാനങ്ങള്‍ മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചുവേണം നിര്‍മ്മിയ്ക്കാന്‍ എന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.
അമേരിയ്ക്കന്‍ സേനയ്ക്കുള്‍പ്പെടെ ലോകത്തെ ഏറ്റവും മികച്ച യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്ന ലോക്ഹീഡ് മാര്ട്ടിന് ഭാരതീയ വ്യോമസേനയ്ക്ക് മാത്രമായി ഇങ്ങനെയൊരു വിമാനം രൂപകല്‍പ്പന ചെയ്തതും അത് ഇന്ത്യയില്‍ത്തന്നെ പൂര്‍ണ്ണമായും നിര്‍മ്മിയ്ക്കുമെന്ന് അറിയിച്ചതും മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മാത്രമല്ല ഇന്ത്യ എന്ന ലോകശക്തിയുടെ മാറിവരുന്ന ആഗോളപ്രതിശ്ഛായയുമാണ് കാട്ടുന്നത്.
സ്വീഡനിലെ സാബ്, ദസാള്‍ട്ട്, യൂറോഫൈറ്റര്‍, ബോയിങ്ങ് ഉള്‍പ്പെടെ എട്ടു കമ്പനികളാണ് ഈ കരാറിനായി ലോക്ഹീഡ് മാര്‍ട്ടിനൊപ്പം മത്സരിയ്ക്കുന്നത്.
പ്രതിരോധ വ്യവസായത്തിനും പുതിയ സാങ്കേതികതയിലും വന്‍ മുന്നേറ്റമാണ് മേക് ഇന്‍ ഇന്ത്യ വഴി ഇന്ത്യയിലുണ്ടായിരിയ്ക്കുന്നത്.
Discussion about this post