പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് മണ്ണില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരവാദികളുടെ ക്യാമ്പുകള്‍ തകര്‍ത്തുവെന്നതിന് റഡാര്‍ സ്ഥിരീകരണമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ ആക്രമണത്തില്‍ ഭീകരര്‍ ആരും തന്നെ കൊല്ലപ്പെട്ടില്ലെന്ന പാക്കിസ്ഥാന് വാദത്തെ തള്ളിക്കൊണ്ടാണ് ഇന്ത്യ വിവരം പുറത്ത് വിട്ടത്. ജയ്ഷ്-ഇ-മുഹമ്മദിന്റെ നാല് കെട്ടിടങ്ങള്‍ തകര്‍ന്നുവെന്ന റഡാറുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തെളിവുകള്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പക്കലുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.
ഇന്ത്യ ആക്രമണം നടത്തിയ ബാലാകോട്ടില്‍ ഒരു തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നായിരുന്നു പാക്കിസ്ഥാന് വാദം. എന്നാല്‍ ആക്രമണത്തിന് ശേഷം പാക് സൈന്യം എന്തുകൊണ്ടാണ് മദ്രസ സീല്‍ ചെയ്തതെന്നും അവിടെ എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്തതെന്നും സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ചോദിച്ചു. ജയ്ഷ്-ഇ-മുഹമ്മദ് നേതാവായ മൗലാന മസൂദ് അസര്‍ താമസിക്കുന്ന കെട്ടിടവും ആക്രമണത്തില്‍ തകര്‍ന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റഡാര്‍ കണ്ടെത്തിയ വിവരങ്ങള്‍ പുറത്ത് വിടണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭ്യമല്ല.
Discussion about this post