ഉത്തര്‍ പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേഠിയില്‍ എ.കെ-203 റൈഫിളുകളുടെ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയും റഷ്യയും സംയുക്തമായിട്ടാണ് നിര്‍മ്മാണം നടത്തുക. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ യൂണിറ്റ് സ്ഥാപിക്കാന്‍ സഹായിച്ചത് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണെന്നും അദ്ദേഹത്തിന് താന്‍ നന്ദിയര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
ചിലര്‍ പലയിടങ്ങളിലും കറങ്ങി ‘മെയ്ഡ് ഇന്‍ ഉജ്ജയിന്‍’ എന്നും ‘മെയ്ഡ് ഇന്‍ ജയ്പൂര്‍’ എന്നും ‘മെയ്ഡ് ഇന്‍ ജയ്സാല്‍മെര്‍’ എന്നും ‘മെയ്ഡ് ഇന്‍ ബറോഡ’ എന്നൊക്കെ പറയാറുണ്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ ഇവരുടെ വാക്കുകള്‍ വെറും പ്രസംഗങ്ങളായി മാറുന്നു. ഇത് മോദിയാണെന്നും ഇനി മുതല്‍ ‘മെയ്ഡ് ഇന്‍ അമേഠി’ എന്ന പേരില്‍ എ.കെ-203 റൈഫിളുകള്‍ ഇറങ്ങുമെന്ന് മോദി ചൂണ്ടിക്കാട്ടി. ലോകത്തിലെ തന്നെ ഒരു അത്യാധുനിക റൈഫിളാണ് എ.കെ.-203. ഭീകരര്‍ക്കെതിരെയും നക്സുകള്ക്കെതിരെയും പോരാടാന്‍ വേണ്ടി സൈനികര്‍ക്ക് ഇനി എ.കെ-203 റൈഫിളുകളുടെ സഹായം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് വര്‍ഷത്തിനുള്ളില്‍ അമേഠിയിലെ യൂണിറ്റില്‍ നിന്നും വരുന്ന എ.കെ-203 റൈഫിളുകളുടെ എല്ലാ ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്മ്മിക്കപ്പെടുന്നതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
മുന്‍ കാലത്തെ യു.പി.എ സര്‍ക്കാരുകള്‍ ഇന്ത്യയുടെ സൈന്യത്തിന് വേണ്ടി ഒന്നും തന്നെ ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി. സൈന്യത്തിന് വേണ്ടി എന്ത് ആയുധങ്ങള്‍ നിര്‍മ്മിക്കപ്പെടണമെന്ന കാര്യത്തിലും അവര്‍ക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് മോദി ആരോപിച്ചു. രാജ്യത്തിന്റെ ധീര സൈനികരെ ഒരു ബുള്ളറ്റ് പ്രൂഫ് കവചം പോലുമില്ലാതെ യുദ്ധമുഖത്തേക്ക് വിട്ടവരാണ് യു.പി.എ സര്‍ക്കാരെന്നും മോദി പറഞ്ഞു.
ചിലര്‍ വോട്ട് ലഭിച്ചതിന് ശേഷം പൊതുജനങ്ങളെ മറക്കുന്ന സ്വഭാവം ചിലര്‍ക്കുണ്ടെന്ന് മോദി പറഞ്ഞു. പാവപ്പെട്ടവരെ അവര്‍ ദാരിദ്ര്യത്തില്‍ തന്നെ നിര്‍ത്തിക്കൊണ്ട് ‘ഗരീബി ഹട്ടാവൊ’ എന്ന മുദ്രാവാക്യം വിളിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ മോദി വിമര്‍ശിച്ചു. ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്ന് വരാന്‍ പാവപ്പെട്ടവര്‍ക്ക് ശക്തി പകരുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്യുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
Discussion about this post