ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി മുന്നണി അധികാരത്തിൽ വരുമെന്ന കോൺഗ്രസിന്റെ അവകാശവാദത്തെ പരിഹസിച്ച് തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ഇൻഡി മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത് വൻ മണ്ടത്തരമായി പോയെന്നും പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കാൻ കിട്ടിയ അവസരങ്ങൾ കോൺഗ്രസ് വിട്ടു കളഞ്ഞെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ബിജെപിക്കും കോൺഗ്രസിനൊപ്പം നേരത്തെ പ്രവർത്തിച്ച പ്രശാന്ത് കിഷോർ പറഞ്ഞു.
‘ഇൻഡി മുന്നണി സജീവമായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാൻ വൈകി പോയിരുന്നു. ആ സമയം മുതലെടുത്ത ബിജെപി നഷ്ടപ്പെട്ട പ്രഭാവം വീണ്ടെടുക്കുകയായിരുന്നു.’ പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ഇൻഡി മുന്നണി ഒരു പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ പ്രചാരണം ആരംഭിച്ചതിനെ വിമർശിച്ച പ്രശാന്ത് കിഷോർ, ബിജെപിക്ക് ഇത് വഴി വലിയ ആയുധം ലഭിച്ചെന്നും ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന് വിശ്വസ്‌നീയമായ ഒരു മുഖമോ നരേറ്റിവോ ഇല്ലെന്ന് വോട്ടർമാരെ പറഞ്ഞു മനസിലാക്കാൻ ബിജെപിക്ക് ഇക്കാരണം കൊണ്ട് സാധിച്ചു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ പറഞ്ഞു.
മുന്നണി രൂപീകരിച്ചിട്ടും കഴിഞ്ഞ വർഷം അവസാനം നടന്ന 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്പര ധാരണയോടെ മത്സരിക്കാൻ ഇൻഡി സഖ്യകക്ഷികൾക്ക് സാധിക്കാത്തതും വീഴ്ചയായാണ് പ്രശാന്ത് കിഷോർ കാണുന്നത്.
ബിജെപിക്കെതിരെ മുൻതൂക്കം നേടാനുള്ള മൂന്ന് സാധ്യതകൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ കൈവിട്ടെന്നും പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു.
2015-16 വർഷങ്ങളിൽ ബിജെപി ഒന്നിലധികം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയം രുചിച്ചിരുന്നു. പക്ഷെ, ഈ അവസരം മുതലെടുത്ത് ബിജെപിയെ പിന്തള്ളി കളം പിടിക്കാൻ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആ 24 മാസങ്ങൾ പ്രതിപക്ഷം വെറുതെ കളഞ്ഞെന്ന അഭിപ്രായക്കാരനാണ് പ്രശാന്ത് കിഷോർ.
നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് ഉണ്ടായിരുന്ന അവ്യക്തത ബിജെപിക്കെതിരെ തിരിച്ചുവിടാൻ പ്രതിപക്ഷം പരാജയപ്പെട്ടു. 2017ൽ നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ വിജയിക്കാനുള്ള സുവർണ്ണാവസരം കോൺഗ്രസ് കളഞ്ഞു കുളിച്ചെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി.
കോൺഗ്രസും പ്രതിപക്ഷവും കൈവിട്ട മൂന്നാമത്തെ ക്യാച്ച് കോവിഡ് മഹാമാരിയുടെ സമയത്തായിരുന്നുവെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. കോവിഡ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി അൽപ്പം കുറഞ്ഞിരുന്നു. ഇതിന് ശേഷം നടന്ന ബംഗാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുകയും ചെയ്തു. എന്നാൽ,
ഈ അവസരവും കോൺഗ്രസ് പാഴാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
‘നിങ്ങൾ സ്ഥിരമായി ക്യാച്ച് വിട്ടു കളഞ്ഞാൽ ക്രീസിലുള്ള ബാറ്റർ സെഞ്ചുറി നേടും. പ്രത്യേകിച്ച് കളിക്കുന്നത് മികച്ച ബാറ്റർ ആണെങ്കിൽ.’ പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു.
ശക്തികേന്ദ്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും രാജ്യത്തെ കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും ബിജെപി ഇത്തവണ സീറ്റ് വർദ്ധിപ്പിക്കുമെന്നും പ്രശാന്ത് കിഷോർ എൻഡിടിവിക്ക് നൽകിയ അഭിമുഖ്യത്തിൽ കൂട്ടിച്ചേർത്തു. മികച്ച ഭൂരിപക്ഷത്തോടെ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ
വരുമെന്ന് മറ്റൊരു അഭിമുഖത്തിൽ പ്രശാന്ത് കിഷോർ തുറന്നു പറഞ്ഞിരുന്നു. 2014ൽ നരേന്ദ്ര മോദി കേവല ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചപ്പോൾ പാർട്ടിയുടെ തന്ത്രങ്ങൾ ആവിഷ്‌കരിച്ചതിൽ പ്രധാന പങ്ക് വഹിച്ച തെരഞ്ഞെടുപ്പ് വിദഗ്ധനാണ് പ്രശാന്ത് കിഷോർ.










