ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അനായാസ വിജയം സ്വന്തമാക്കുമെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോർ. ബിജെപി ഒറ്റയ്ക്ക് 300 സീറ്റോ അതിലധികമോ നേടി കഴിഞ്ഞ തവണത്തെ മികച്ച പ്രകടനം ആവർത്തിക്കുമെന്നാണ് പ്രശാന്ത് കിഷോർ ഉറപ്പിച്ച് പറയുന്നത്. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോർ തുടർച്ചയായ മൂന്നാം തവണയും ബിജെപി അധികാരത്തിൽ വരുമെന്ന് പ്രവചിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇപ്പോഴും ഉയർന്നു നിൽക്കുകയാണെന്ന് 2014ൽ ബിജെപിയുടെ ചരിത്ര വിജയത്തിന് ചുക്കാൻ പിടിച്ച തെരഞ്ഞെടുപ്പ് തന്ത്രഞ്ജൻ പറഞ്ഞു.
പ്രശാന്ത് കിഷോറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. “ബിജെപിയുടെ സീറ്റ് 270ൽ താഴെ പോകില്ലെന്ന് ഉറപ്പായ കാര്യമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ സീറ്റുകൾ പാർട്ടി ഇത്തവണയും സ്വന്തമാക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 303 സീറ്റോ ഒരുപക്ഷേ അതിനേക്കാൾ കുറച്ച് കൂടുതലോ ബിജെപി വിജയിക്കും.” പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ബിജെപിക്ക് ഇത്തവണയും 300ലധികം സീറ്റുകൾ എന്ത് കൊണ്ട് കിട്ടുമെന്ന് പ്രശാന്ത് കിഷോർ വിശദമായി പറയുന്നുണ്ട്.” കഴിഞ്ഞ തവണ ബിജെപി നേടിയ 303 സീറ്റുകളിൽ ഭൂരിഭാഗവും എവിടെ നിന്നാണെന്ന് ആദ്യം നോക്കണം. ഈ 303 സീറ്റുകളിൽ 250ഉം രാജ്യത്തെ വടക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇത്തവണയും ഈ മേഖലയിൽ ബിജെപിക്ക് കാര്യമായ നഷ്ടം ഉണ്ടാക്കാൻ സാധ്യതയില്ല.” പ്രശാന്ത് കിഷോർ പറഞ്ഞു.
“രാജ്യത്തെ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും 2019ൽ 50 സീറ്റുകളാണ് ബിജെപി വിജയിച്ചത്. ഈ രണ്ട് മേഖലയിലും പാർട്ടിയുടെ വോട്ട് ശതമാനം ഇക്കുറി കാര്യമായി വർധിക്കും. അത് കൊണ്ട് തന്നെ കിഴക്കിലും ദക്ഷിണേന്ത്യയിലുമായി 15 മുതൽ 20 സീറ്റ് വരെയെങ്കിലും ഇത്തവണ ബിജെപിക്ക് കൂടും. അതേസമയം, ഉത്തരേന്ത്യയിലും വടക്കൻ സംസ്ഥാനങ്ങളിലും കാര്യമായ നഷ്ടം ബിജെപിക്ക് ഉണ്ടാകില്ല.” പ്രശാന്ത് കിഷോർ വിശദീകരിച്ചു.
10 വർഷം രാജ്യം ഭരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങൾക്കിടയിലുള്ള വലിയ സ്വാധീനത്തെ കുറിച്ചും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. “ഒരു സർക്കാർ അധികാരത്തിൽ നിന്ന് പുറത്തു പോകുകയാണെങ്കിൽ ആ പാർട്ടിക്കെതിരെയോ അതിന്റെ നേതാവിനെതിരെയോ വലിയ ജനവികാരം ഉണ്ടാകേണ്ടതാണ്. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അങ്ങനെയൊരു വികാരമില്ല എന്നതാണ് വസ്തുത”. ഇന്ത്യാ ടുഡേ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചപ്പോൾ പാർട്ടിയുടെ തന്ത്രങ്ങൾ ആവിഷ്കരിച്ചതിൽ പ്രധാന പങ്ക് വഹിച്ച തെരഞ്ഞെടുപ്പ് വിദഗ്ധനാണ് പ്രശാന്ത് കിഷോർ. രാജ്യത്തെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന പ്രശാന്ത് കിഷോർ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post