ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള പ്രയാണത്തിൽ ബഹുദൂരം കുതിച്ച് ഇന്ത്യ. ബാങ്കിംഗ് മേഖലയിലും രാജ്യം റെക്കോർഡ് നേട്ടം കൈവരിച്ചതോടെ ഭാരതത്തിന്റെ മഹത്തായ ലക്ഷ്യത്തിലേക്കുള്ള ദൈർഘ്യമാണ് കുറഞ്ഞിരിക്കുന്നത്. മണികൺട്രോൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകൾ മാത്രം നേടിയ ലാഭം 1.41 ലക്ഷം കോടി രൂപയാണ്. സ്വകാര്യ ബാങ്കുകൾ 1.78 ലക്ഷം കൂടി രൂപയുടെ ലാഭവും നേടി. ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ സംയുക്ത ലാഭം മൂന്ന് ലക്ഷം കോടി രൂപ കവിഞ്ഞു. ആദ്യമായാണ് ബാങ്കിംഗ് മേഖല മൂന്ന് ലക്ഷം കോടി രൂപ ലാഭം എന്ന നാഴികക്കല്ല് പിന്നിടുന്നത്.
26 സ്വകാര്യ ബാങ്കുകളും 12 പൊതുമേഖലാ ബാങ്കുകളും ചേർന്നാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷം കൊണ്ട് ഇന്ത്യൻ പൊതുമേഖല ബാങ്കുകളുടെ ലാഭത്തിൽ നാലര മടങ്ങ് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വാർഷിക അറ്റാദായത്തിൽ 35 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. എസ്ബിഐയാണ് ഈ നേട്ടത്തിന് ചുക്കാൻ പിടിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പൊതുമേഖല ബാങ്കുകളുടെ മൊത്തം ലാഭത്തിൽ 40 ശതമാനവും സംഭാവന ചെയ്തത് എസ്ബിഐയാണെന്നതും ശ്രദ്ധേയമാണ്.
12ൽ പത്ത് പൊതുമേഖല ബാങ്കുകളുടെയും കിട്ടാക്കടം അഞ്ച് ശതമാനത്തിൽ താഴെയായതും ബാങ്കിംഗ് മേഖല ലാഭത്തിലേക്ക് കുതിക്കാൻ വളമായി. പ്രവചനങ്ങളെ കാറ്റിൽ പറത്തിയും ആഗോള സാമ്പത്തിക രംഗത്തെ നെഗറ്റീവ് ചലനങ്ങളെ തച്ചുടച്ചമുള്ള ഇന്ത്യയുടെ ബാങ്കിംഗ് മേഖലയുടെ റെക്കോർഡ് നേട്ടത്തെ അഭിനന്ദിച്ച് നിരവധി അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ പുച്ഛിച്ചുതള്ളിയിട്ടും കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നയങ്ങളാണ് ഇത് വരെ ആലസ്യത്തിലായിരുന്ന ബാങ്കിംഗ് മേഖല പെട്ടെന്ന് സടകുടഞ്ഞ് എഴുന്നേൽക്കാൻ കാരണമായത്.
രാജ്യത്ത് ബാഡ് ബാങ്ക് രൂപീകരിച്ചതും. പുതിയ പാപ്പരത്ത നിയമം നടപ്പിലാക്കിയതും പൊതുമേഖല ബാങ്കുകൾക്ക് അടക്കം പുത്തൻ ഉണർവേകി. പൊതുമേഖല ബാങ്കുകളിൽ കാലങ്ങളായി തുടരുന്ന കിട്ടാകടങ്ങളെ ബാഡ് ബാങ്കിലേക്ക് മാറ്റിയതിലൂടെ ബാലൻസ് ഷീറ്റ് ശക്തിപ്പെട്ടതാണ് വളർച്ചയ്ക്ക് അടിത്തറ പാകിയത്. 2016 ൽ മോദി സർക്കാർ കൊണ്ടുവന്ന പുതിയ പാപ്പരത്ത നിയമം പ്രാബല്യത്തിലായതോടെ കുടിശ്ശിക പിരിച്ചെടുക്കൽ എളുപ്പമായി. കോടികൾ കടമെടുത്ത് ബാങ്കുകളെ നഷ്ടത്തിലാക്കി രാജ്യം വിട്ടാലും, കടം തിരിച്ചുപിടിക്കാൻ ഭാരതം ഇച്ഛാശക്തിയോടെ പൊരുതിയത് അനുകൂല ഘടകമായി.
പൊതുമേഖല ബാങ്കുകളുടെ ലയനവും ലാഭത്തിലേക്കുള്ള വഴിയൊരുക്കി. ചെറു ബാങ്കുകൾ വലിയ ബാങ്കുകളിലേക്ക് ലയിച്ചതോടെ ലാഭക്ഷമത ഉയർന്നു. ഒരേസ്ഥലത്ത് പ്രവർത്തിച്ചിരുന്ന ശാഖകൾ ഇല്ലാതായി. ട്രഷറി പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾ വലിയ തോതിൽ കുറഞ്ഞതും ബാങ്കുകളുടെ ലാഭം വർധിപ്പിച്ചു. കൂടാതെ റിസർവ് ബാങ്ക് റിപ്പോ റേറ്റ് ഉയർത്തിയതോടെ പലിശ വരുമാനം വർധിച്ചതും രാജ്യത്തെ വായ്പ വിതരണത്തിന്റെ വളർച്ച കൂടിയതും ബാങ്കുകളുടെ ലാഭം വർധിക്കാൻ സഹായിച്ചു
Discussion about this post