ഭുവനേശ്വർ : നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാരിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്റെ താക്കോൽ കാണാതായ സംഭവത്തിലാണ് അമിത് ഷായുടെ രൂക്ഷ വിമർശനം. ഒഡീഷയിലെ നയാഗഢിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകായിരുന്നു അമിത് ഷാ.
‘നവീൻ പട്‌നായിക്കിനോട് ഒരു ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അദ്ദേഹത്തിന്റെ ഉത്തരം വേണം. ജഗന്നാഥന്റെ രത്‌ന ഭണ്ഡാരത്തിന്റെ താക്കോൽ എവിടെയാണ്. ഭണ്ഡാരത്തിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിങ്ങളുടെ കൈയിൽ ഉണ്ടോ എന്നും അമിത് ഷാ ചോദിച്ചു. ഒഡീഷയിൽ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനം കൊള്ളയടിച്ചവരെ പുറത്ത് കൊണ്ടുവരും. അതും 100 ദിവസത്തിനുള്ളിൽ തന്നെ രത്‌ന ഭണ്ഡാരം കൊള്ളയടിച്ചവരെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ കേന്ദ്ര സർക്കാർ അയോദ്ധ്യ പ്രശ്നം പരിഹരിച്ചു. രാം ലല്ലയെ ജന്മനാട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു. അതുപോലെ തന്നെ ഈ പ്രശ്നവും തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി രാജ്യത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രത്തെയും അഭിനന്ദിക്കുന്നു എന്നും അമിത് ഷാ പറഞ്ഞു.
ഒഡീഷയിലെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പ് നാല് ഘട്ടങ്ങളായാണ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 146 സീറ്റിൽ 112 സീറ്റ് ബിജെഡിയും 23 സീറ്റുകൾ ബിജെപിയും 9 സീറ്റ് കോൺഗ്രസും നേടി . അതേവർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെഡി 12 സീറ്റുകളും ബിജെപി 8 സീറ്റുകളും ഒരു സീറ്റ് കോൺഗ്രസും നേടി.
Discussion about this post