പുല്‍വാമ ഭീകരാക്രമണം നടത്തിയ ഭീകരരുടെ പാക്കിസ്ഥാനിലെ പരിശീലന ക്യാമ്പുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇന്ത്യന്‍ വ്യോമാക്രമണം ലക്ഷ്യം കണ്ടുവെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ വ്യോമസേനാ നേധാവി ബി.എസ്.ധനോവ. ബാലാകോട്ടില്‍ സ്ഥിതി ചെയ്തിരുന്ന ജയ്ഷ്-ഇ-മുഹമ്മദിന്റെ ഭീകരവാദ പരിശീലന ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന ഫെബ്രുവരി 26ന് നടത്തിയ ആക്രമണത്തില്‍ നശിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യോമാക്രമണത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്.
ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലായെന്ന് പാക്കിസ്ഥാന്‍ വാദത്തെ ധനോവ തള്ളി. ഇന്ത്യന്‍ വ്യോമസേന വനത്തിനുള്ളിലാണ് ബോംബിട്ടതെങ്കില്‍ എന്തിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അതിനെപ്പറ്റി പ്രസ്താവന നടത്തണമെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ വ്യോമസേന ഒരു ലക്ഷ്യം തകര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് തകര്‍ക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ വ്യോമസേന എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേന തങ്ങളുടെ ലക്ഷ്യം കൈവരിച്ചോയെന്ന കാര്യം മാത്രമാണ് തങ്ങള്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ക്ക് നേരെ ഇന്ത്യ മിഗ്-21 വിമാനങ്ങളുപയോഗിച്ചതിനെപ്പറ്റിയും ധനോവ സംസാരിച്ചു. പാക്കിസ്ഥാന്‍ ഭാഗത്ത് നിന്നും പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എല്ലാ യുദ്ധ വിമാനങ്ങളും ഇന്ത്യ ഉപയോഗിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിഗ്-21 ബൈസണ്‍ വിമാനത്തിന് മെച്ചപ്പെട്ട റഡാര്‍ സംവിധാനങ്ങളും ആയുധ സംവിധാനങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post