ജമ്മു കശ്മീരിലെ മദ്രസകള്‍ ഭീകരവാദം പരത്തുന്നുണ്ടെങ്കില്‍ അവയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ കവീന്ദര്‍ ഗുപ്ത അഭിപ്രായപ്പെട്ടു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, തുടങ്ങിയ രാജ്യങ്ങള്‍ മദ്രസകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചത് മൂലമാണിത്.
ഇത് കൂടാതെ കേന്ദ്രം വിലക്കിയ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കവീന്ദര്‍ ഗുപ്തയുടെ പ്രതികരണത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. കവീന്ദര്‍ ഗുപ്ത ഒരു മതഭ്രാന്തനാണെന്നും ആര്.എസ്.എസ് ശാഖകളാണ് ഇതുപോലുള്ളവരെ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28ന് 5 വര്‍ഷത്തേക്കായിരുന്നു ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്. ജമാഅത്തിനെ വിലക്കിയത് മൂലം അപകടകരമായ അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് മെഹ്ബൂബ മുഫ്തി അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post