ആദ്യ ലോക്പാല്‍ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസാക്കി അഞ്ച് വര്‍ഷത്തിന് ശേഷമാണ് നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.
ലോക്പാല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ സമരം രാജ്യമെമ്പാടും ചര്‍ച്ചയായിരുന്നു. ലോക്പാല്‍ നിയമനം വൈകുന്നതിനെ സുപ്രീം കോടതിയും വിമര്‍ശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്ന് ലോക്പാലിനെയും സമിതി അംഗങ്ങളെയും തെരെഞ്ഞെടുത്തത്.
പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിക്കേസുകള്‍ അന്വേഷിക്കാനുള്ള അധികാരമാണ് ലോക്പാലിന് ലഭിക്കുക. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കാനും അഴിമതി നിരോധന നിയമപ്രകാരം നടപടി എടുക്കാനും ലോക്പാലിന് അധികാരമുണ്ട്.
നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 2017 മെയ് മാസത്തിലാണ് പി.സി.ഘോഷ് സുപ്രീംകോടതി ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. 1976ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകജീവിതം ആരംഭിച്ച പി.സി.ഘോഷ് 1999ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ലാണ് സുപ്രീംകോടതിയിലെത്തുന്നത്. ജല്ലിക്കെട്ട്, ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത പ്രതിയാക്കപ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസ് തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി കേസുകള്‍ പരിഗണിച്ച ബെഞ്ചിന്റെ തലവനായിരുന്നു അദ്ദേഹം. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാണ് പി.സി.ഘോഷ്.
Discussion about this post