ജപ്തിക്കെതിരെ സമരം ചെയ്ത എറണാകുളം ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിക്കെതിരായ കോടതി അലക്ഷ്യ കേസില്‍ ശിക്ഷ ഹൈക്കോടതി ഇന്ന് തീരുമാനിക്കും. ജപ്തി ചെയ്ത വീട് ഒഴിഞ്ഞു കൊടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പ്രതിഷേധിച്ചതിനാണ് ഡിവിഷന് ബഞ്ച് പ്രീതാ ഷാജിയ്ക്കെതിരെ കോടതയിലക്ഷ്യ നടപടി തുടങ്ങിയത്.
പ്രീതാ ഷാജിക്ക് നിര്‍ബന്ധിത സമൂഹ്യസേവനത്തിനുള്ള ശിക്ഷ നല്‍കുന്നതിനാണ് കോടതി ആലോചിക്കുന്നത്. പ്രീതക്ക് എന്തൊക്കെ ജോലികള്‍ നല്കാമെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് എറണാകുളം ജില്ലാ കളക്ടര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സമരം ചെയ്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് ചൂണ്ടി കാട്ടി.കോടതി നടപടികളെ ധിക്കരിച്ച പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്നും കോടതി വിമര്‍ശിച്ചു.
കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയെ അറിയിച്ചു. ക്ഷമാപണം സ്വീകരിച്ചു കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്ന് പ്രീത ഷാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പ് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post