ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഉത്തര്‍ പ്രദേശിലെ എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ വിജയത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും മായാവതി വ്യക്തമാക്കി.
‘ഏത് സീറ്റില്‍ മത്സരിച്ചാലും എനിക്ക് ജയിക്കാനാവും. നാമനിര്‍ദേശ പത്രിക നല്‍കുകയേ വേണ്ടൂ. ബാക്കിയെല്ലാം എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോക്കും. എന്നാല്‍ ഞാന്‍ വിജയിക്കുക എന്നതിനേക്കാള്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനാണ് മുന്‍തൂക്കം. എസ്.പി- ബി.എസ്.പി- ആര്.എല്‍.ഡി സഖ്യത്തിന് കൂടുതല്‍ സീറ്റുകളില്‍ വിജയിക്കേണ്ടതുണ്ട്’, മായാവതി വ്യക്തമാക്കി.
റായ് ബറേലി, അമേത്തി സീറ്റുകളില്‍ എസ്.പി – ബി.എസ്.പി- ആര്.എല്‍.ഡി സഖ്യം മത്സരിക്കുന്നില്ല. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്നത് ഇവിടെയാണ്. എസ്.പി – ബി.എസ്.പി നേതാക്കള്‍ മത്സരിക്കാനിടയുള്ള ഡസനോളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനം നിരസിച്ച മായാവതിയും അഖിലേഷും, കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് വ്യക്തമാക്കി.
Discussion about this post