മുത്തലാഖ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. സമസ്ത കേരള ജമയാത്തുള്‍ ഉലമ ആണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്
മുത്തലാഖ് ബില്‍ പാസ്സാകുമ്പോള്‍ കേസില്‍ ഇടപെടണോ എന്ന കാര്യം പരിശോധിക്കാമെന്നും കോടതി അറിയിച്ചു.
മുസ്ലിം വനിതാ വിവാഹ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മുത്തലാഖ് ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ ജനുവരി 19ന് നടപ്പാക്കിയിരുന്നു. ഒറ്റത്തവണ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണു നിയമം. 3 വര്‍ഷം വരെ തടവും കിട്ടാം. ഇത് ചോദ്യം ചെയ്താണ് മുസ്ലിം സമുദായ സംഘടനകള്‍ രംഗത്തെത്തിയത്.
2018 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച ഓര്‍ഡിനന്‍സ് ലോക്‌സഭ ഡിസംബറില്‍ അംഗീകരിച്ചെങ്കിലും രാജ്യസഭയുടെ അംഗീകാരം നേടാന്‍ കഴിഞ്ഞില്ല. നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു.
മുത്തലാഖ് തെരഞ്ഞെടുപ്പ് വിഷയമായി എന്‍ഡിഎ ഉയര്‍ത്തി കൊണ്ടു വരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടിന് അനുകൂലമായ സുപ്രിം കോടതിയുടെ ഉത്തരവ്.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ റദ്ദാക്കുമെന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതാദ്യമായാണു മുത്തലാഖ് ബില്‍ റദ്ദാക്കുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. നിലവിലെ രൂപത്തില്‍ ബില്‍ അംഗീകരിക്കില്ലെന്നാണു കോണ്‍ഗ്രസ് നിലപാട്. തലാഖ് ചൊല്ലുന്ന പുരുഷനെ ജയിലിലാക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളടങ്ങിയ ബില്‍ ജനാധിപത്യ വിരുദ്ധമാണെന്നും പാര്‍ട്ടി ആരോപിക്കുന്നു.
Discussion about this post